|    May 28 Sun, 2017 4:22 pm
FLASH NEWS

വടകരയില്‍ ആര്‍എസ്എസ് അതിക്രമം

Published : 11th July 2016 | Posted By: SMR

വടകര: ഐഎസ് ബന്ധം ആരോപിച്ച് വടകര മേഖലയില്‍ പോലിസ് നോക്കിനില്‍ക്കെ സ്വകാര്യ ആശുപത്രിക്കും മെഡിക്കല്‍ ഷോപ്പിനും നേരെ ആര്‍എസ്എസ്-ബിജെപി അതിക്രമം. നഗരത്തിലെ മെഡിക്കല്‍ ഷോപ്പ് അടപ്പിച്ച സംഘപരിവാരപ്രവര്‍ത്തകര്‍ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയും പൂട്ടിക്കാനുള്ള ശ്രമം നടത്തി. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
കാസര്‍കോഡ് നിന്നു കാണാതായ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന ഡോക്ടര്‍ ഇജാസ് അഹ്മദ് ജോലിചെയ്ത തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കായ അക്യൂറാ ആശുപത്രിയും ആശുപത്രി മാനേജ്‌മെന്റിന് കീഴിലുള്ള വടകര പുതിയ ബസ് സ്റ്റാന്റിനടുത്ത മെഡിക്കല്‍ ഷോപ്പുമാണ് ഇന്നലെ സംഘപരിവാര പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. വടകരയിലെ മെഡിക്കല്‍ ഷോപ്പിനു മുമ്പില്‍ ശനിയാഴ്ച രാത്രി ഒരു സംഘം ബിജെപിക്കാര്‍ ബഹളം വച്ചിരുന്നു. ഇതുസംബന്ധിച്ച് മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ പോലിസിന് നല്‍കിയ പരാതി നിലനില്‍ക്കെയാണ് ഇന്നലെ വൈകീട്ട് 5.30ഓടെ വീണ്ടും അതിക്രമം ഉണ്ടായത്.
വടകര സിഐ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെ മെഡിക്കല്‍ ഷോപ്പിലേക്ക് ഇരച്ചുകയറിയ ആര്‍എസ്എസുകാര്‍ ഷോപ്പ് ബലമായി അടപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും നഗരസഭയിലെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണു മെഡിക്കല്‍ ഷോപ്പ് പൂട്ടിച്ചത്.
ഡോക്ടര്‍ ഇജാസ് അഹ്മദ് ജോലിചെയ്ത തിരുവള്ളൂരിലെ ആശുപത്രി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തുടക്കത്തിലേ രംഗത്തുവന്ന ബിജെപി ഇന്നലെ ആശുപത്രിയിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. ആശുപത്രി അടച്ചുപൂട്ടണമെന്നും പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്നുമാണ് ബിജെപി നിലപാട്. കഴിഞ്ഞദിവസം വടകര സിഐയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബിജെപിയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ആശുപത്രി പോലിസ് കാവലിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day