|    Jan 25 Wed, 2017 7:02 am
FLASH NEWS

വചനപ്രസ്ഥാനവും കല്‍ബുര്‍ഗിയും

Published : 11th December 2015 | Posted By: SMR

പ്രഫ. വി എന്‍ ലക്ഷ്മീനാരായണ

ഉത്തര കര്‍ണാടകയുടെ സാംസ്‌കാരിക കേന്ദ്രമായ ധര്‍വാറിലെ ‘കല്യാണ’ എന്ന സ്വന്തം വസതിയില്‍ വച്ചാണ് 2015 ആഗസ്ത് 30ന് ഡോ. മല്ലേശപ്പ മഡിവാളപ്പ കല്‍ബുര്‍ഗി എന്ന എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 800 കൊല്ലം മുമ്പ്, ആധ്യാത്മിക ആചാര്യനായ ബസവണ്ണയെയും ബിജ്ജാല രാജാവിനെയും കൊലപ്പെടുത്തിയവരുടെ അതേ മനോഭാവമുള്ള ഫാഷിസ്റ്റ് ശക്തികളാണ് കല്‍ബുര്‍ഗിയുടെ വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചത്.
12ാം നൂറ്റാണ്ടില്‍ ബസവണ്ണ നേതൃത്വം നല്‍കിയ സാമൂഹികപ്രസ്ഥാനം അഭൂതപൂര്‍വമായ സവിശേഷതകളുള്ള ഒന്നായിരുന്നു. കന്നട സാഹിത്യചരിത്രത്തില്‍ ‘വചനപ്രസ്ഥാനം’ എന്നാണത് അറിയപ്പെടുന്നത്. വചനം എന്നത് ഗദ്യത്തില്‍ തന്നെയുള്ള കാവ്യോച്ചാരണത്തിന്റെ ഒരു രൂപമായിരുന്നു. പുതിയൊരു കാവ്യരൂപമായി അംഗീകരിക്കപ്പെട്ട അത് കന്നട സാഹിത്യത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പൗരോഹിത്യം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തുപോന്ന ജാതീയമായ അധികാര ശ്രേണീബന്ധങ്ങള്‍ക്കെതിരേ നിലയുറപ്പിച്ച ഒരു സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രം അതില്‍ ഉള്ളടങ്ങിയിരുന്നു.
മാനവികതയിലും ക്ഷേമത്തിലും അടിയുറച്ച ഒരു സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ബ്രാഹ്മണാധിപത്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഭരണവര്‍ഗങ്ങള്‍ തന്നെയാണ് രാജപദവി നല്‍കാനായി ബിജ്ജാലയെ പരിഗണിച്ചത്. ബസവണ്ണയാകട്ടെ ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതികത്വത്തെ നിശിത വിമര്‍ശനങ്ങള്‍ക്കു വിധേയനാക്കുന്ന ഒരു ശൈവബ്രാഹ്മണനായിരുന്നു. അതിഭൗതികതലത്തില്‍ സമത്വത്തെപ്പറ്റി പ്രസംഗിക്കുകയും അതേസമയം സാമൂഹികതലത്തില്‍ ജാതീയവിവേചനം പ്രയോഗിക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ പരസ്പര വൈരുധ്യം നിറഞ്ഞ ദ്വിമുഖഭാവത്തെ അദ്ദേഹം ശക്തമായിത്തന്നെ എതിര്‍ത്തു.
വചനപ്രസ്ഥാനത്തിലെ ഏറ്റവും രണോത്സുകമായ വിഭാഗം ‘വാക്കുകള്‍ക്ക് ചലനശേഷി നല്‍കിയവര്‍’ അയിത്തജാതിക്കാരിലും ദരിദ്ര കര്‍ഷകരിലും കൈവേലക്കാരിലും മറ്റു തൊഴിലെടുക്കുന്നവരിലും നിന്നു വന്നവരായിരുന്നു. അക്കാലത്തെ കാര്‍ഷിക സമ്പദ്ഘടനയിലെ അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു ഈ ആളുകളില്‍ അധികവും.
എം എം കല്‍ബുര്‍ഗിയുടെ പേരിലെ മഡിവാള (അലക്കുകാരന്‍) എന്ന വാക്ക് അദ്ദേഹത്തിന്റെ പൂര്‍വികര്‍ ചെയ്തുപോന്നിരുന്ന തൊഴില്‍ ഏതെന്നു സൂചിപ്പിക്കുന്നതാണ്. ബസവണ്ണയുടെ സമകാലികനായിരുന്ന അല്ലാമ അസാധാരണനായ ഒരു മിസ്റ്റിക് കവിയായിരുന്നു. (19ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്, ‘ചിലരെ ദരിദ്രരാക്കിയിരുന്നില്ലെങ്കില്‍ സഹതാപം അവശേഷിക്കുമായിരുന്നില്ലെ’ന്ന് എഴുതിയ വില്യം ബ്ലേക്കിനെപ്പോലെ ഒരു കവി). താര്‍ക്കികവും സാമ്പ്രദായികതാവിരുദ്ധവുമായ ഒരുതരം അമ്ലഭാഷ കൊണ്ട് പൗരോഹിത്യത്തിന്റെ അനുഷ്ഠാനപരതയുടെയും യാഥാസ്ഥിതികത്വത്തിന്റെയും പവിത്രാവരണങ്ങളെ അദ്ദേഹം നിര്‍ദയമായി വലിച്ചുകീറി.
ബസവണ്ണയുടെ ബൗദ്ധിക സന്തതിയായ ‘അനുഭവമണ്ഡപ’ത്തില്‍ ശാരണര്‍ നടത്തിയ ആശയസംവാദങ്ങളില്‍ അധ്യക്ഷത വഹിച്ച പ്രതിഭാശാലികളില്‍ ഒരാള്‍ അല്ലാമയായിരുന്നു. വര്‍ഗത്തിന്റെയോ ജാതിയുടെയോ ലിംഗവ്യത്യാസത്തിന്റെയോ തടസ്സങ്ങളൊന്നും കൂടാതെ സ്വതന്ത്രമായും സന്ദേഹങ്ങളില്ലാതെയും തങ്ങളുടെ വൈരുധ്യാധിഷ്ഠിത നിലപാടുകളെപ്പറ്റി ശാരണര്‍ സംവാദങ്ങളും വാദപ്രതിവാദങ്ങളും നടത്തിയിരുന്ന അത്തരമൊരു വേദി മാനവചരിത്രത്തിലെത്തന്നെ ആദ്യത്തെ അനുഭവമാണെന്നു തോന്നുന്നു. യാഥാസ്ഥിതികത്വത്തിന്റെ ഏറ്റവും വലിയ നിഷേധിയായിരുന്ന അല്ലാമ ക്ഷേത്രത്തിലെ ചെണ്ടകൊട്ടുന്ന ‘താഴ്ന്ന ജാതി’ക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഒരു ക്ഷേത്രനര്‍ത്തകിയും.
ബസവണ്ണയുടെ പ്രസ്ഥാനവും അതു സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയ സ്വാധീനങ്ങളും ചടുലമായ സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും കാരണമായി. അവയെയെല്ലാം നേരിട്ടുകൊണ്ടുതന്നെ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ അഭിലാഷ പൂര്‍ത്തീകരണത്തിനു വേണ്ടി നിലകൊണ്ടു ബസവണ്ണ. അക്രമികളായ പൗരോഹിത്യം ബിജ്ജാല രാജാവിനെ കൊലപ്പെടുത്തി. ബസവണ്ണയുടെ ജീവിതം എങ്ങനെയാണ് അവസാനിച്ചതെന്നു വ്യക്തമല്ല. അദ്ദേഹം സ്വയമേവ തിരോഭവിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഇന്ന് ഒരു ജാതിയെന്ന നിലയില്‍ വീരശൈവര്‍ക്കിടയില്‍ മൂന്നു വിഭാഗങ്ങളുണ്ട്. ഭൂവുടമാവര്‍ഗത്തെ സാദരു എന്നു വിളിക്കുന്നു. വണിക്കുകള്‍ക്കോ കച്ചവടക്കാര്‍ക്കോ തുല്യരായ വീരശൈവരാണ് ബനാജിഗ. മൂന്നാമത്തെ വിഭാഗമായ ആരാധ്യര്‍ ബ്രാഹ്മണ പുരോഹിതര്‍ക്കു സമാനരായ ശൈവരാണ്. കര്‍ണാടകയിലെ രാഷ്ട്രീയക്കാര്‍ ഈ മൂന്നു വിഭാഗങ്ങളെയും വോട്ട്ബാങ്കുകളായാണ് കാണുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും ശക്തരും സമ്പന്നരുമായ ഓരോ വിഭാഗത്തിലെയും പുരോഹിതന്മാരാണ് ഈ രാഷ്ട്രീയക്കാരെ ദുഃസ്വാധീനിക്കുന്നതും നയിക്കുന്നതും. ഈ മൂന്നു കൂട്ടരില്‍ തന്നെ ആരാധ്യരാണ് തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ചായ്‌വിന്റെ അടിസ്ഥാനത്തില്‍ വലതുപക്ഷ സംഘടനകളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത്.
വീരശൈവര്‍ക്കിടയിലെ കൂടുതല്‍ രണോത്സുകരായ വിഭാഗക്കാര്‍ വാദിക്കുന്നത്, (ബ്രാഹ്മണ്യത്തിന്റെ) യാഥാസ്ഥിതികത്വത്തിനും പൗരോഹിത്യ ആധിപത്യത്തിനുമെതിരേ കലാപം ചെയ്ത ബസവണ്ണയുടെ യഥാര്‍ഥ അനുയായികളെന്ന നിലയില്‍ തങ്ങള്‍ ബ്രാഹ്മണികമായ അനുഷ്ഠാനങ്ങളെയും വിഗ്രഹാരാധനയെയും നിരാകരിക്കുകയാണെന്നാണ്. തങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നും അവര്‍ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍- പ്രത്യേകിച്ചും ജാതി അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ജനസംഖ്യാ കണക്കെടുപ്പ് നടക്കുകയോ തിരഞ്ഞെടുപ്പ് അടുക്കുകയോ ഒക്കെ ചെയ്യുമ്പോള്‍- ഈ ഭേദചിന്ത കൂടുതല്‍ തീവ്രവും മൂര്‍ച്ചയുള്ളതുമാകുന്നു.
എം എം കല്‍ബുര്‍ഗി സ്വയം കരുതിയിരുന്നത് താനൊരു ലിംഗായത്ത് ആണെന്നാണ്. ബസവണ്ണയുടെ കാഴ്ചപ്പാടുകളുടെ ഒരു യഥാര്‍ഥ അനുയായി. ഒരു യുക്തിവാദ പണ്ഡിതനും ഗവേഷകനുമെന്ന നിലയില്‍ വിഗ്രഹാരാധനയ്ക്കും ക്ഷേത്രാരാധനയ്ക്കും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാചാര്യന്മാരുടെയും (വീരശൈവരുടെ അനുഷ്ഠാനങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ള അഞ്ച് ആചാര്യന്മാര്‍) വലതുപക്ഷക്കാരായ ഹിന്ദു മതമൗലികവാദികളുടെയും വിരോധമാണ് അതിലൂടെ അദ്ദേഹത്തിനു കൈവന്ന സമ്പാദ്യം.
ബസവണ്ണയുടെ മരുമകനായ ചെന്നബസവണ്ണയുടെ പിതൃത്വത്തെപ്പറ്റി താന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ പിന്‍വലിക്കാനോ തിരുത്തിപ്പറയാനോ അദ്ദേഹം നിര്‍ബന്ധിതനായി. യഥാര്‍ഥത്തില്‍ സാഹിത്യചരിത്ര പഠനത്തിന്റെ ഭാഗമായി നടന്ന ഗൗരവപൂര്‍ണമായ ഗവേഷണത്തില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി താന്‍ ‘ബൗദ്ധികമായ ആത്മഹത്യ’ ചെയ്യുകയാണെന്ന് അദ്ദേഹം ഖേദപൂര്‍വം അഭിപ്രായപ്പെട്ടു.
12ാം നൂറ്റാണ്ടില്‍ ശക്തമായിരുന്ന ഫാഷിസ്റ്റ് ശക്തികളുടെ പാരമ്പര്യം വര്‍ത്തമാനകാലത്തെ ആഗോള മുതലാളിത്തവുമായി കൈകോര്‍ത്തുപിടിച്ചതാണ് എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കാണാനാവുക. മഹാരാഷ്ട്രയില്‍ സഖാവ് പന്‍സാരയുടെയും ദബോല്‍ക്കറുടെയും കൊലപാതകത്തില്‍ സ്വീകരിച്ച അതേ രീതികള്‍ തന്നെയാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്.
എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തുകയോ കൊലപ്പെടുത്താന്‍ സഹായിക്കുകയോ ചെയ്ത ഏതെങ്കിലും വ്യക്തികളെയോ സംഘടനകളെയോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും ഒരു കാര്യം സ്പഷ്ടമാണ്. തന്റെ ഗവേഷണങ്ങളിലും ജീവിതത്തിലും ഉടനീളം കല്‍ബുര്‍ഗി സ്വീകരിച്ചുപോന്ന പൗരോഹിത്യവിരുദ്ധവും ഫാഷിസ്റ്റ്‌വിരുദ്ധവുമായ നിലപാടുകളും മനോഭാവവും തന്നെയാണ് അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്താന്‍ അക്രമികളെ പ്രേരിപ്പിച്ചത്.

(കടപ്പാട്: കോമ്രേഡ് മാസിക.) $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക