|    Jan 20 Fri, 2017 1:23 pm
FLASH NEWS

വഖ്ഫ് ഭൂമി കൈയേറ്റം: രേഖകള്‍ ചിതലരിച്ചതായി മറുപടി; രേഖകള്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം നശിപ്പിക്കുകയാണെന്നു പരാതിക്കാരന്‍

Published : 29th July 2016 | Posted By: SMR

കെ വി ഷാജി സമത

കോഴിക്കോട്: വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക സര്‍വേ അദാലത്തുകള്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കേ, കൈയേറ്റം സംബന്ധിച്ച രേഖകള്‍ ചിതലുകള്‍ക്കു ഭക്ഷണമായതായി വിവരാവകാശ മറുപടി. കോഴിക്കോട് കുന്ദമംഗലം ലാ ന്‍ഡ് ട്രൈബ്യൂണല്‍ സ്‌പെഷ്യ ല്‍ തഹസില്‍ദാരുടെ ഓഫിസി ല്‍ സൂക്ഷിച്ചിരിക്കുന്ന സുപ്രധാന രേഖകളാണു ചിതലരിച്ചു പോയിരിക്കുന്നത്.
കേന്ദ്ര പൊതുരേഖാ നിയമം അനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോട് ജില്ലയിലെ കായലം ജുമാഅത്ത് പള്ളിയുടെ കീഴിലുള്ള വഖ്ഫ് സ്വത്ത് കൈയേറിയതുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി കെ എം ചേക്കു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ആവശ്യപ്പെട്ട വിവരങ്ങളില്‍ പലതും ചിതലരിച്ച് ദ്രവിച്ചുപോയതായി മറുപടി ലഭിച്ചത്.
പള്ളിക്കു സ്വകാര്യ വ്യക്തി സംഭാവന ചെയ്ത ഭൂമി കൈയേറി കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ച് പി കെ എം ചേക്കു വഖ്ഫ് ബോര്‍ഡിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഖ്ഫ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണു ഭൂമിയുടെ രജിസ്‌ട്രേഷനും കൈവശാവകാശവും സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് ചേക്കു വിവരാവകാശ അപേക്ഷ നല്‍കിയത്. കൈയേറ്റ ഭൂമിക്കു ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങളുമാണ് ആവശ്യപ്പെട്ടിരുന്നത്.
ഈ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ആവശ്യപ്പെട്ട രേഖകള്‍ ചിതലരിച്ചുപോയി എന്ന അറിയിപ്പ് ലഭിച്ചത്. ഓരോ ഓഫിസിലും സൂക്ഷിക്കേണ്ട രേഖകള്‍ സംബന്ധിച്ചും കാലഹരണപ്പെട്ട ഫയലുകള്‍ നശിപ്പിക്കുന്നതു സംബന്ധിച്ചും കേന്ദ്ര പൊതുരേഖാ നിയമത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ ഉണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഫയല്‍ സൂക്ഷിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മൂന്നുവര്‍ഷം വരെ തടവുശിക്ഷ നല്‍കാനും നിയമം ശുപാര്‍ശചെയ്യുന്നു. ഇതിനു പുറമെ സൂക്ഷിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സ്വന്തം ചെലവില്‍ നഷ്ടപ്പെട്ട ഫയലുകള്‍ക്കു സമാനമായ ഫയലുകള്‍ പുനക്രമീകരിക്കണമെന്നും പൊതുരേഖാ നിയമം നിര്‍ദേശിക്കുന്നുണ്ട്. ഇതേസമയം, ഇത്തരത്തിലുള്ള കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം നശിപ്പിക്കുകയാണെന്നു പരാതിക്കാരനായ പി കെ എം ചേക്കു പറഞ്ഞു. ചിതലരിച്ചു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ച ഫയലുകളുടെ അവശിഷ്ടങ്ങള്‍ ഓഫിസിലെത്തി പരിശോധിച്ചപ്പോള്‍ ക്രയവിക്രയ സര്‍ട്ടിഫിക്കറ്റിലും ലാന്‍ഡ് ട്രൈബ്യൂണലില്‍ ഹാജരാക്കിയ ആധാരത്തിലും കൃത്രിമം നടന്നതായി കണ്ടെത്തിയതായും ചേക്കു പറഞ്ഞു.
സംസ്ഥാനത്ത് വിവിധ പള്ളികള്‍ക്കു കീഴിലുള്ള നൂറുകണക്കിന് ഏക്കര്‍ വഖ്ഫ് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാരിനു മുമ്പില്‍ കെട്ടിക്കിടക്കുകയാണ്. പള്ളിക്കമ്മിറ്റികളും വിവിധ സംഘടനകളും വ്യക്തികളും വര്‍ഷങ്ങള്‍ക്കു മുമ്പ് സമര്‍പ്പിച്ച ഈ പരാതികളില്‍ ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കൃത്യമായ ഭൂസര്‍വേ നടത്തി ഭൂമിയുടെ വിസ്തൃതി തിട്ടപ്പെടുത്താനാവാത്തതാണു പ്രശ്‌നപരിഹാരത്തിനു തടസ്സമാവുന്നത്. ഇതിനെത്തുടര്‍ന്നാണു വഖ്ഫിന്റെ കൂടി ചുമതലയുള്ള മന്ത്രി ഡോ. കെ ടി ജലീല്‍ വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ചു പ്രത്യേക സര്‍വേ അദാലത്തുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ഭരണതലത്തില്‍ പുരോഗമിച്ചുവരികയാണ്. ഇതിനിടയിലാണ് കൈയേറ്റങ്ങള്‍ സംബന്ധിച്ച രേഖകളുടെ അവസ്ഥ വെളിവാക്കുന്ന രീതിയില്‍ കുന്നമംഗലം ലാന്‍ഡ് ട്രൈബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസില്‍ നിന്നുമുള്ള വിവരാവകാശ മറുപടി.
സുപ്രധാനമായ രേഖകള്‍ നിരുത്തരവാദപരമായി കൈകാര്യംചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജിലന്‍സിനും ലാന്‍ഡ് റവന്യൂ സെക്രട്ടറിക്കും പരാതിനല്‍കാനുള്ള തയ്യാറെടുപ്പിലാണ് പി കെ എം ചേക്കു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക