|    May 25 Thu, 2017 8:14 pm
FLASH NEWS

വഖ്ഫ് ഭൂമികളില്‍ സിനിമാ ഹാളുകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Published : 9th September 2016 | Posted By: G.A.G

cinemaന്യൂഡല്‍ഹി: രാജ്യത്തെ വഖ്ഫ് ഭൂമികളില്‍ സിനിമാഹാളുകളും ഷോപ്പിങ് മാളുകളും നിര്‍മിക്കാ ന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ പ്രധാന വഖ്ഫ് ഭൂമികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി അതിലൂടെ ലഭിക്കുന്ന വരുമാനം മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികള്‍ക്ക് ഉപയോഗിക്കാനാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം പദ്ധതിയിടുന്നത്.
ഇതുവഴി പ്രതിവര്‍ഷം 10,000 കോടിയില്‍ അധികം വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്. നിലവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട അഞ്ചു ലക്ഷത്തോളം വഖ്ഫ് സ്വത്തുക്കളാണ് ഉള്ളതെന്നും ഇവയില്‍നിന്ന് ഇപ്പോ ള്‍ പ്രതിവര്‍ഷം ഏതാണ്ട് 150 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.
ആറുലക്ഷം ഏക്കര്‍ ഭൂമിയാണ് വഖ്ഫ് ഭൂസ്വത്തായി ഇപ്പോള്‍ രാജ്യത്തുള്ളത്. ഇവയുടെ മാര്‍ക്കറ്റ് വില ലക്ഷക്കണക്കിന് കോടിയാണ്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് സച്ചാറും വഖ്ഫ് ഭൂമി ലാഭകരമായി ഉപയോഗപ്പെടുത്തണമെന്നു നിര്‍ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വെറുതെ കിടക്കുന്ന വഖ്ഫ് ഭൂമികളില്‍ സിനിമാഹാളുകളും ഷോപ്പിങ് മാളുകളും നിര്‍മിച്ച് വരുമാനം വര്‍ധിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്ന് നഖ്‌വി പറഞ്ഞു. ന്യൂനപക്ഷവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ജിനീയറിങ് കോളജുകളും വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകള്‍, നൈപുണ്യ പരിശീലനകേന്ദ്രങ്ങള്‍ എന്നിവയും സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനായി ഉയര്‍ന്ന വാണിജ്യമൂല്യമുള്ള 2000ല്‍ അധികം വഖ്ഫ് സ്വത്തുകള്‍ ഇതിനകം തന്റെ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി നഖ്‌വി പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതല്‍ വഖ്ഫ് സ്വത്തുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ നീക്കത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയുണ്ടെന്നും സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള ഭൂമികള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-പാക് വിഭജനകാലത്ത് അതിര്‍ത്തിപ്രദേശങ്ങളില്‍നിന്ന് പാകിസ്താനിലേക്കു പോയ മുസ്‌ലിംകള്‍ വഖ്ഫ് ചെയ്ത വളരെയധികം ഭൂസ്വത്തുക്കള്‍ വളരെ കണ്ണായ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നു നഖ്‌വി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നീക്കം വിവിധ വഖ്ഫ് ബോര്‍ഡുകളുടെ എതിര്‍പ്പിന് ഇടയാവുമെന്നാണു സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day