|    Dec 15 Sat, 2018 4:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വഖ്ഫ് ബോര്‍ഡിനെ കക്ഷിയാക്കണം: സര്‍ക്കാര്‍

Published : 13th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ലെന്നും ഹിന്ദുക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്ന ഹരജിയില്‍ വഖ്ഫ് ബോര്‍ഡിനെയും മുസ്‌ലിം സംഘടനകളെയും വാവര്‍ ട്രസ്റ്റിനെയും ക്രിസ്ത്യന്‍ സംഘടനകളെയും ആദിവാസി സംഘടനകളെയും കക്ഷിചേര്‍ക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ക്ഷേത്രത്തില്‍ അഹിന്ദുക്കളെയും വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്തവരെയും പ്രവേശിപ്പിക്കരുതെന്നു ആവശ്യപ്പെട്ട് സംഘപരിവാര നേതാവായ ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹരജിക്കുള്ള മറുപടിയിലാണു സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല ക്ഷേത്രം ചരിത്രപരമായി ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്ന് റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷനല്‍ സെക്രട്ടറി എം ഹര്‍ഷന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
സന്നിധാനത്തെ വാവര്‍നട ശബരിമല ക്ഷേത്രവുമായി സഹവര്‍ത്തിച്ചാണ് സ്ഥിതി ചെയ്യുന്നത്. അനാദികാലം മുതലേ മുസ്‌ലിംകള്‍ ശബരിമലയിലും വാവര്‍നടയിലും പ്രാര്‍ഥനയ്ക്ക് എത്തുന്നുണ്ട്. ശബരിമലയിലേക്ക് പോവും വഴി എരുമേലിയില്‍ വാവര്‍പള്ളിയെന്ന പേരില്‍ ഒരു പള്ളിയുണ്ട്. ഇവിടെ ജാതിമത ഭേദമേന്യേ അയ്യപ്പഭക്തര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്നു. ഇവിടെ എത്തിയതിനു ശേഷം മാത്രമേ ഭക്തര്‍ ശബരിമലയിലേക്കു പോവൂ. പ്രശസ്തമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിക്കുന്നതു തന്നെ വാവര്‍പള്ളിയില്‍ നിന്നാണ്. അയ്യപ്പന്റെ താരാട്ടുപാട്ടായ ഹരിവരാസനം ആലപിച്ചിരിക്കുന്നത് ക്രിസ്തുമതത്തില്‍ ജനിച്ച പത്ഭഭൂഷണ്‍ കെ ജെ യേശുദാസാണെന്നും ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അയ്യപ്പവിശ്വാസിയായ യേശുദാസ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താറുണ്ട്. മുസ്‌ലിം, ക്രിസ്ത്യന്‍ മതവിശ്വാസികളായ പലരും എല്ലാ വര്‍ഷവും ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോവാറുണ്ട്. ശബരിമല ആദിവാസി വിഭാഗങ്ങളുടെ ആരാധനാ കേന്ദ്രമാണെന്ന കാര്യം പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണെന്നും സത്യവാങ്മൂലം പറയുന്നു. ശബരിമല ബുദ്ധക്ഷേത്രമായിരുന്നുവെന്ന ചിന്താസരണിയും നിലവിലുണ്ട്. ശരണം എന്ന വാക്ക് ബുദ്ധമതത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് എന്നാണ് അവരുടെ വിശ്വാസം.
വ്യത്യസ്ത മതങ്ങളുമായും മതനിരപേക്ഷതയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാലും പൊതുതാല്‍പര്യം ഉള്ളതിനാലും ഹരജിയില്‍ വഖ്ഫ് ബോര്‍ഡ്, മുസ്‌ലിം സംഘടനകള്‍, വാവര്‍ ട്രസ്റ്റ്, ക്രിസ്ത്യന്‍ സംഘടനകള്‍, ആദിവാസി സംഘടനകള്‍ എന്നിവരെ അനിവാര്യമായും കേള്‍ക്കണമെന്നും മാധ്യമങ്ങളില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss