|    Nov 22 Wed, 2017 4:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വംശഹത്യാ കേസില്‍ മോദിയുടെ പങ്ക് : വിധി 21ന്

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കു സംബന്ധിച്ച കേസില്‍ വിധി പറയുന്നത് ഗുജറാത്ത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി. വിധി മാറ്റിവയ്ക്കുന്നതായി കേസിലെ കക്ഷികളെ ഇന്നലെ ജസ്റ്റിസ് സോണിയ ഗൊക്കാനി അറിയിച്ചു. ജൂലൈ മൂന്നിനാണ് കേസില്‍ വാദം പൂര്‍ത്തിയായത്. വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഉള്‍പ്പെടെയുള്ള ഉന്നത പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നടപടി ചോദ്യം ചെയ്ത്, വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയാ ജഫ്‌രി ഫയല്‍ ചെയ്ത കേസിലാണ് നടപടി. കൊലപാതകം, കലാപം, ബലാല്‍സംഗം എന്നിവയിലേക്കു നയിച്ച കുറ്റകരമായ ഗൂഢാലോചനയും തെളിവു നശിപ്പിക്കലുമാണ് മോദി ഉള്‍പ്പെടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 58 പ്രതികള്‍ക്കെതിരായ ആരോപണം. സാകിയാ ജഫ്‌രി സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വംശഹത്യയില്‍ മോദി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐ ഡയറക്ടറായിരുന്ന ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ എസ്‌ഐടിയെ നിയോഗിച്ചത്. എന്നാല്‍, എസ്‌ഐടി  കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ കീഴ്‌ക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി.  ഈ നടപടി ചോദ്യംചെയ്താണ് സാകിയ ഹൈക്കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക