|    Jun 28 Wed, 2017 3:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോ കമ്മീഷന്റെ ചോദ്യാവലി: ഏക സിവില്‍കോഡ് സംബന്ധിച്ച് പ്രതികരിക്കാതെ കോണ്‍ഗ്രസ്

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് സംബന്ധിച്ച ദേശീയ നിയമ കമ്മീഷന്‍ അയച്ച ചോദ്യാവലിയില്‍  ഏക സിവില്‍കോഡ് നടപ്പാക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് മറുപടി നല്‍കിയില്ല. മതവികാരം ഇളക്കിവിടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ചോദ്യാവലി തയ്യാറാക്കിയതെന്ന് ആരോപിച്ചാണിത്. പട്ടികയിലെ 16 ചോദ്യങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് വേണം എന്നോ വേണ്ട എന്നോ കോണ്‍ഗ്രസ് പറയുന്നില്ല.
ഭരണഘടനയില്‍ നിരവധി നിര്‍ദേശകതത്ത്വങ്ങള്‍ ഉണ്ടായിരിക്കെ അതില്‍ ഏക സിവില്‍കോഡ് വിഷയം മാത്രം എടുത്തു പ്രചരിപ്പിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ കോണ്‍ഗ്രസ്സിന് എതിര്‍പ്പുണ്ട്. പ്രത്യേക സമയത്ത് ഏക സിവില്‍കോഡ് വിഷയം ഉയര്‍ത്തുന്നതില്‍ നിഗൂഢ അജണ്ടയുണ്ടെന്നും പാര്‍ട്ടി കരുതുന്നു. എല്ലാവര്‍ക്കും സന്തോഷമാവുന്ന വിധത്തില്‍ അഭിപ്രായ ഐക്യം രൂപീകരിച്ച് നടപ്പാക്കാമെന്നിരിക്കെ, ഇക്കാര്യത്തില്‍ വിവിധ സാംസ്‌കാരിക, മതവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുകയാണ് സര്‍ക്കാരെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രയീകാര്യ സെക്രട്ടറി അഹമദ് പട്ടേല്‍, മുന്‍ കേന്ദ്ര നിയമ മന്ത്രിമാരായ വീരപ്പ മൊയ്‌ലി, സല്‍മാന്‍ ഖുര്‍ശിദ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വി എന്നിവരെയാണ് ലോ കമ്മിഷന്റെ ചോദ്യാവലിക്കു മറുപടി തയ്യാറാക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത്.
അതേസമയം, ഏക സിവില്‍കോഡ് ആണോ മുത്വലാഖ് വിഷയമാണോ സുപ്രിംകോടതി മുമ്പാകെ ഉന്നയിക്കപ്പെട്ടതെന്നു വ്യക്തമാക്കണമെന്ന് ലോ കമ്മിഷനോട് എന്‍സിപി ചോദിച്ചു. എന്നാല്‍, ഏക സിവില്‍കോഡ് വേണോ വേണ്ടയോ എന്ന കാര്യത്തിലാണ് ലോ കമ്മിഷന്‍ അഭിപ്രായം തേടുന്നതെന്നും മുത്വലാഖ്, ഏക സിവില്‍കോഡിന്റെ ഉള്ളില്‍ വരുന്ന വിഷയമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് ബി എസ് ചൗഹാന്‍ പറഞ്ഞു. സുപ്രിംകോടതിയില്‍നിന്ന് മുത്വലാഖ് സംബന്ധിച്ചു പരാമര്‍ശമുള്ള ഒരു റഫറന്‍സും ലഭിച്ചിട്ടില്ലെന്നും ബി എസ് ചൗഹാന്‍ അറിയിച്ചു. ചോദ്യാവലിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എന്‍ സി പി നേതാക്കള്‍ കമ്മീഷന്‍ അധ്യക്ഷനെ കണ്ടിരുന്നു. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നിയമ കമ്മീഷന്‍ കഴിഞ്ഞമാസം കത്തയച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക