|    Oct 23 Tue, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി സ്ഥലത്ത് ഫ്ളാറ്റ്‌: കോടികളുടെ അഴിമതിയെന്ന്

Published : 28th January 2017 | Posted By: fsq

Untitled-1

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിലെ ലോ അക്കാദമിയുടെ സ്ഥലത്തെ ഫ്ളാറ്റ്‌ നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടന്നതായി ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി മാധ്യമസമിതി അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ബി ആര്‍ എം ഷഫീര്‍ പരാതി നല്‍കി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും അവരുടെ അച്ഛന്‍ എന്‍ നാരായണന്‍ നായരും വന്‍ റിയല്‍ എസ്‌റ്റേറ്റ് കുംഭകോണമാണ് നടത്തിയതെന്ന് ഷഫീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ അക്കാദമിയുടെ 34.5 സെന്റ് സ്ഥലത്തില്‍ നിന്ന് 17.5 സെന്റ് സ്ഥലം ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന റിയല്‍ എസ്‌റേറ്റ് സ്ഥാപനത്തിനു കൈമാറിയത് നിയമവിരുദ്ധമാണ്. ഈ കമ്പനി നിര്‍മിക്കുന്ന 11 നില കെട്ടിടത്തിലെ അപാര്‍ട്ട്‌മെന്റുകളില്‍ 55 ശതമാനം വില്‍ക്കാനും പണയപ്പെടുത്താനുമെല്ലാം അവര്‍ക്ക് അധികാരമുണ്ടെന്നു സംയുക്ത സംരംഭ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നിട്ടും ലക്ഷ്മി നായര്‍ പറയുന്നത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് കെട്ടിടം നിര്‍മിക്കുന്നതെന്നാണ്. കൈമാറിയ ഭൂമിക്ക് 1.05 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ചുരുങ്ങിയത് 50 കോടി രൂപ വില വരുന്ന ഭൂമിയാണിത്. ഇതുവഴി സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനത്തില്‍ വന്‍തോതില്‍ വെട്ടിപ്പ് നടത്തുകയാണ് ലക്ഷ്മി നായര്‍ ചെയ്തത്. ഒരു കോടി രൂപയ്ക്കാണ് ഒരു ഫഌറ്റ് വില്‍ക്കുന്നത്. 36 ഫഌറ്റുകളാണ് ഇവിടെയുള്ളത്. കെട്ടിടനിര്‍മാണത്തിന് എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ രണ്ടു തവണ അനുമതി നല്‍കിയത് ചട്ടങ്ങളെല്ലാം ലംഘിച്ചാണ്. ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു കൈമാറുന്നത് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ടിനെതിരാണ് എന്നതിനാല്‍ ഈ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കണം. നാരായണന്‍ നായരുടെ കുടുംബ ട്രസ്റ്റാണ് ലോ അക്കാദമി ഭരണം കൈകാര്യം ചെയ്യുന്നത്. നാലു വര്‍ഷമായി ട്രസ്റ്റ് യോഗം ചേരാറില്ല. സ്വകാര്യ കമ്പനിക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയത് ഏതു ട്രസ്റ്റ് യോഗത്തിലെ തീരുമാനപ്രകാരമാണെന്നു വ്യക്തമാക്കണം. അനധികൃത നിര്‍മാണത്തിനു തിരുവനന്തപുരം നഗരസഭ നല്‍കിയ അനുമതി റദ്ദാക്കുമോ എന്നും ട്രസ്റ്റ് നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ച അക്കാദമിയുടെ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നും അദ്ദേഹം ചോദിച്ചു. മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍ ചില വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍, ലോ അക്കാദമിയെക്കുറിച്ച് പരാതി നല്‍കി 10 ദിവസം കഴിഞ്ഞിട്ടും വിജിലന്‍സ് ഡയറക്ടര്‍ അനങ്ങിയിട്ടില്ല. അദ്ദേഹം ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കുമ്പോള്‍ പല ഫഌറ്റുകള്‍ക്കും ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി നിഷേധിച്ചിരുന്നു. എന്നാല്‍, ഈ ഫഌറ്റിനു മാത്രം എന്‍ഒസി നല്‍കാതെത്തന്നെ നിര്‍മാണം തുടരാന്‍ അനുവദിച്ചു. വിജിലന്‍സില്‍ നിന്നു നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും ഷഫീര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss