|    Oct 24 Wed, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി സമരത്തെച്ചൊല്ലി കേരള സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം

Published : 22nd January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെച്ചൊല്ലി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രൂക്ഷമായ ബഹളം. രണ്ടുമണിക്കൂര്‍ നിര്‍ത്തിവച്ചശേഷം വീണ്ടുമാരംഭിച്ച യോഗത്തില്‍ ലോ അക്കാദമി വിഷയം അന്വേഷിക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനമായി. സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റിയെയാണ് ഉപസമിതിയായി നിയോഗിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉപസമിതി ലോ അക്കാദമി സന്ദര്‍ശിച്ച് വിദ്യാര്‍ഥികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും തെളിവെടുപ്പ് നടത്തും. ഉപസമിതിയുടെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ശനിയാഴ്ച പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും.  ഇന്നലെ രാവിലെ സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചയുടന്‍ അംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാല, എസ് കൃഷ്ണകുമാര്‍ എന്നിവര്‍ ലോ അക്കാദമി സമരം ചര്‍ച്ചയാക്കി. ലോ അക്കാദമിയിലെ ക്രമക്കേടുകളെക്കുറിച്ച് 2013ല്‍ സര്‍വകലാശാലയ്ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അതെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും ജ്യോതികുമാര്‍ അഭിപ്രായപ്പെട്ടു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരിക്കുന്ന പരാതികളും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന് ലോ അക്കാദമിയില്‍നിന്നും പ്രത്യേക സൗകര്യം ചെയ്തുനല്‍കി. അക്കാദമിയില്‍ വിദ്യാര്‍ഥിയായിരുന്ന ബ്രിട്ടാസ് ഒരുദിവസംപോലും ഹാജരായില്ലെങ്കിലും ഓരോവര്‍ഷവും 75 ശതമാനം വീതം ഹാജര്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ഇന്റേണല്‍ മാര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍വകലാശാല രേഖകള്‍ പരിശോധിക്കണമെന്നും ചാമക്കാല ആവശ്യപ്പെട്ടു. തുടര്‍ന്ന് പരീക്ഷാവിഭാഗം ഇതുസംബന്ധിച്ച രേഖകള്‍ യോഗത്തില്‍ ഹാജരാക്കി. വിദ്യാര്‍ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്. അതിനിടെ, ലോ അക്കാദമി പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഓഫിസ് വ്യക്തമാക്കി. കോളജ് മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥിസംഘടനകള്‍ ലോ അക്കാദമിയില്‍ നടത്തിവരുന്ന സമരം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss