|    Sep 22 Sat, 2018 10:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലോ അക്കാദമി: സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പാളി

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍ക്കാനുള്ള സിപിഎം ശ്രമം പാളി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉറപ്പിച്ചുപറഞ്ഞതോടെ സിപിഎം നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍, മകനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. നാഗരാജന്‍ നായര്‍, നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുമായി സിപിഎം നേതൃത്വം എകെജി സെന്ററിലാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ നാരായണന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അക്കാദമി വിഷയത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റേതെന്നായിരുന്നു കോലിയക്കോട് കൃഷ്ണന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അത്തരത്തില്‍ ആവശ്യപ്പെടാന്‍ മാനേജ്‌മെന്റിനാവില്ലെന്നും ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും അഡ്വ. നാഗരാജന്‍ നായര്‍ നിലപാടെടുത്തു. രാജിവയ്ക്കണമെന്ന ആവശ്യമൊഴികെ വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു ലക്ഷ്മി നായരുടെ നിലപാട്. ഇതോടെ ഇന്നു മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍. സമരം 20ാം ദിവസത്തിലേക്ക് കടക്കുകയാണ്.  അതേസമയം,  ലോ അക്കാദമി ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തുന്നുമുണ്ട്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍ണായകമാവും. പ്രശ്‌നപരിഹാരത്തിന് സിപിഎം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. അക്കാദമിയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അക്കാദമി നിയോഗിച്ച മൂന്നംഗ ഗവേണിങ് കൗണ്‍സിലും ഇന്ന് റിപോര്‍ട്ട് സമര്‍പ്പിച്ചേക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss