|    Jun 19 Tue, 2018 6:52 am
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി യില്‍ ദലിത് പീഡനം : പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികള്‍ പരാതി നല്‍കി

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ദലിത് വിദ്യാര്‍ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പേരൂര്‍ക്കട പോലിസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കി. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പണിയെടുക്കുന്നതിന് ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലമായി ഇന്റേണല്‍ മാര്‍ക്കാണ് ലക്ഷ്മി നായര്‍ നല്‍കുന്നത്. ഹോട്ടലിലെ യൂനിഫോമിട്ട് ബിരിയാണി വിളമ്പിച്ചതായും ആരോപണമുണ്ട്. ലക്ഷ്മി നായര്‍ കോളജില്‍ എത്തുമ്പോള്‍ ബാഗ് എടുപ്പിക്കുകയും കോളജിലെ മറ്റ് ജോലികള്‍ വിദ്യാര്‍ഥികളെ കൊണ്ട് ചെയ്യിക്കുകയും പതിവാണെന്ന് പരാതി നല്‍കിയ വിദ്യാര്‍ഥി സെല്‍വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷ്മി നായരുടെ ഹോട്ടലിന്റെ പബ്ലിസിറ്റിക്കായി ബിവറേജസില്‍ വരെ പോവാന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സെല്‍വന്‍ പറഞ്ഞു. ദലിത് വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് ആക്ഷേപിക്കുക പതിവാണെന്നും ആരോപിക്കുന്നു. വിദ്യാര്‍ഥിനിയോട് ലക്ഷ്മി നായര്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോളജില്‍ എത്താന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥിനിയോട് ഇയര്‍ഔട്ട് ആക്കുമെന്ന് പറഞ്ഞാണ് ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നത്. അസുഖക്കാരിയാണെന്ന് അറിയാതെയാണ് പ്രവേശനം നല്‍കിയത്. അക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ പ്രവേശനം  നല്‍കില്ലായിരുന്നു. അസുഖമുള്ളവര്‍ ഡിഗ്രിക്കോ മറ്റോ ചേര്‍ന്നാല്‍ പോരായിരുന്നോയെന്നും ലക്ഷിമി നായര്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. പെണ്‍കുട്ടി ജീവിതകാലം മുഴുവന്‍ തനിക്ക് കുരിശാണെന്നും ലക്ഷ്മി നായര്‍ കുറ്റപ്പെടുത്തുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. മകളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ അത് വലിച്ചെറിഞ്ഞതായി പെണ്‍കുട്ടിയുടെ മാതാവും വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങള്‍ ലക്ഷ്മി നായര്‍ നിഷേധിച്ചു. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് സമരം നടത്തുന്ന വിദ്യാര്‍ഥികളാണെന്നും അവര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss