|    Feb 18 Sun, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോ അക്കാദമി പ്രശ്‌നം: സര്‍വകലാശാല ഉപസമിതി തെളിവെടുപ്പ് ഇന്ന്

Published : 23rd January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടന്നുവരുന്ന വിദ്യാര്‍ഥി സമരങ്ങളുടെ ഭാഗമായുള്ള വിഷയം അന്വേഷിക്കാന്‍ സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റി ഇന്ന് തെളിവെടുപ്പ് നടത്തും. ഉപസമിതി അംഗങ്ങള്‍ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തും. രണ്ടു ദിവസത്തെ തെളിവെടുപ്പിനു ശേഷം ഉപസമിതി റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി 28ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചെരും. കോളജിനെതിരേ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെപ്പറ്റി ഈ യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. ലോ അക്കാദമി വിഷയത്തെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന സമരം 13ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് കോളജ് തുറക്കുമെന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. എന്നാല്‍, സമരം ശക്തമായ സാഹചര്യത്തില്‍ പോലിസ് കാവലില്‍ കോളജ് തുറക്കുന്നത് ഉചിതമല്ലെന്നാണ് അധകൃതര്‍ കരുതന്നത്. കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും അധ്യാപകരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയും എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വാര്‍ത്താസമ്മേളനം നടത്തുന്ന ഹോട്ടലിനുള്ളില്‍ കയറിയ വിദ്യാര്‍ഥികള്‍ ഹാളിലെത്തി പ്രിന്‍സിപ്പലിനെ കരിങ്കൊടി കാണിച്ചു. പോലിസ് കാവലിലാണ് തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടന്നത്. എസ്എഫ്‌ഐ, എഐഎസ്എഫ്, എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും സമരത്തിലാണ്. സമരക്കാരുടെ നേതൃത്വത്തില്‍ ക്യാംപസിനുള്ളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കെഎസ്‌യു ഇന്ന് അക്കാദമിയില്‍ മാര്‍ച്ച് നടത്തും. കൂടാതെ 25ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും കെഎസ്‌യു തീരുമാനിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ധര്‍ണയും പ്രതിഷേധ സംഗമവും നടത്തും. കൂടാതെ വരും ദിവസങ്ങളില്‍ ജില്ലാ തലത്തില്‍ ഈ വിഷയം ഉയര്‍ത്തി ക്കാട്ടി സമരപരിപാടികള്‍ നടത്താനും എസ്എഫ്‌ഐ ആലോചിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss