|    Sep 26 Wed, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലോ അക്കാദമി: ഡോ. ലക്ഷ്മി നായര്‍ക്കെതിരായ ശിക്ഷാനടപടിസര്‍ക്കാര്‍ തീരുമാനിക്കും

Published : 29th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരേ നടപടിക്ക് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തീരുമാനം. ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് പരീക്ഷാ നടപടികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇന്റേണല്‍ പരീക്ഷ, മൂല്യനിര്‍ണയം എന്നിവയില്‍നിന്നുള്‍പ്പെടെയാണ് ലക്ഷ്മി നായര്‍ക്ക് വിലക്ക്. മറ്റു നടപടികള്‍ സര്‍ക്കാരിന് വിടാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ വോട്ടിങിലൂടെയാണ് വിഷയം സര്‍ക്കാരിനു വിടാന്‍ തീരുമാനിച്ചത്. ലക്ഷ്മി നായര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉറച്ചുനിന്നു. സിപിഐ അംഗമായ ആര്‍ ലതാ ദേവിയും ഇതിനോട് യോജിച്ചു. അതേസമയം, സര്‍വകലാശാലാ നിയമം അതിന് അനുശാസിക്കുന്നില്ലെന്ന് മറ്റ് സിപിഐ അംഗങ്ങള്‍ പറഞ്ഞു. സിപിഎം അംഗങ്ങളും ഡിപിഐയും ഇതിനെ പിന്തുണച്ചു. ഇതോടെ പ്രമേയം വോട്ടിനിട്ടു. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും സിപിഐയിലെ ഒരംഗവും തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും ഓരോ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒടുവില്‍ ആറിനെതിരേ ഒമ്പത് വോട്ടിനാണ് തീരുമാനം സര്‍ക്കാരിന് വിടാനുള്ള പ്രമേയം പാസായത്.കോളജിന്റെ ഭൂമി, അഫിലിയേഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളിലും തര്‍ക്കമുണ്ടായി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. കോളജിന്റെ അഫിലിയേഷന്‍ രേഖകള്‍ സര്‍വകലാശാലയില്‍ കാണാനില്ല എന്ന കാര്യം രാവിലെ വൈസ് ചാന്‍സലര്‍ അറിയിച്ചിരുന്നു. ഇതു പരിശോധിക്കാന്‍ അഫിലിയേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരീക്ഷ സംബന്ധിച്ച് ധാരാളം ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക എക്‌സാമിനേഷന്‍ സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ലക്ഷ്മി നായരുടെ ഭാവി മരുമകളും അക്കാദമിയിലെ വിദ്യാര്‍ഥിയുമായ അനുരാധ പി നായര്‍ ചട്ടം ലംഘിച്ചെന്ന പരാതിയും അന്വേഷിക്കും. ഏഴു മുതല്‍ 10 വരെ സെമസ്റ്ററിലെ പരീക്ഷയിലെ ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതു സംബന്ധിച്ച വിശദമായ പരിശോധനയ്ക്ക് കണ്‍വീനര്‍ ചെയര്‍മാനായും എക്‌സാമിനേഷന്‍സ് സ്റ്റാന്റിങ്് കമ്മിറ്റി, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, ഡീന്‍, ഫാക്കല്‍റ്റി ഓഫ് ലോ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ട പരാതികളും സിന്‍ഡിക്കേറ്റ് ചര്‍ച്ചചെയ്തു. പെണ്‍കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ കാമറകള്‍ സ്ഥാപിച്ചെന്നാണു പരാതി. ഈ കാമറകള്‍ എത്രയും വേഗം എടുത്തുമാറ്റി സര്‍വകലാശാലയെ അറിയിക്കണമെന്ന നിര്‍ദേശവും സിന്‍ഡിക്കേറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. രാവിലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതി റിപോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചയാണു നടന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങള്‍ ഉയര്‍ന്നതോടെ യോഗം വൈകീട്ട് വരെ നീണ്ടു. ലക്ഷ്മി നായരുടേത് ഗുരുതരമായ കൃത്യവിലോപമാണെന്നും നടപടി വേണമെന്നും കോണ്‍ഗ്രസ്സും സിപിഐയും വാദിച്ചു. എന്നാല്‍, ലക്ഷ്മി നായര്‍ മാറിനില്‍ക്കട്ടെ എന്ന നിലപാടാണ് സിപിഎം അംഗങ്ങള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് അവര്‍ക്കെതിരേ നടപടി വേണമെന്ന് പ്രമേയം പാസാക്കിയത്. കോളജിന്റെ ഭൂമി സംബന്ധിച്ച പ്രശ്‌നത്തിലും തര്‍ക്കമുണ്ടായി. അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യുഡിഎഫ്, സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂമിവിഷയമല്ല ഇപ്പോഴത്തെ പ്രശ്‌നമെന്ന് സിപിഎം അംഗങ്ങള്‍ വാദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss