|    Jun 22 Fri, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി ചെയര്‍മാന്‍ ബിജെപിയുടെ സമുന്നത നേതാവ് : ബിജെപി നടത്തുന്നത് സമരനാടകമെന്ന് ആരോപണം

Published : 31st January 2017 | Posted By: fsq

kerela_law_academy-01

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരേ ബിജെപി നടത്തുന്ന സമരം നാടകമെന്ന് ആരോപണം. അക്കാദമിയുടെ മാനേജ്‌മെന്റ് തലപ്പത്തിരിക്കുന്ന വ്യക്തി ബിജെപിയുടെ സമുന്നത നേതാവാണെന്ന വസ്തുത പുറത്തായതോടെയാണ് പാര്‍ട്ടി നടത്തുന്ന സമരത്തിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നത്. അഡ്വ. അയ്യപ്പന്‍പിള്ളയാണ് ലോ അക്കാദമിയുടെ ചെയര്‍മാന്‍. ഇദ്ദേഹം ബിജെപി കേരള ഘടകത്തിന്റെ സ്ഥാപകനേതാക്കളിലെ പ്രമുഖനാണ്. ഇതോടെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി മുരളീധരന്‍ കോളജിന് മുന്നില്‍ നടത്തിവരുന്ന നിരാഹാരസമരം അപഹാസ്യമായി. പ്രിന്‍സിപ്പലിന്റെ രാജിയാവശ്യം അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ചെയര്‍മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിലവിലെ ഡയറക്ടര്‍ ബോര്‍ഡില്‍ ലക്ഷ്മി നായരുടെ പിതാവ് നാരായണന്‍ നായര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തി അഡ്വ. അയ്യപ്പന്‍പിള്ളയാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയബന്ധം ചര്‍ച്ചയായതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, അഡ്വ. പി എസ് ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കള്‍ ചെയര്‍മാനുമായി ബന്ധപ്പെട്ട് ലക്ഷ്മി നായരെ മാറ്റാന്‍ സമ്മര്‍ദം ചെലുത്താന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രിന്‍സിപ്പലിന്റെ രാജിയാവശ്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം നേതാക്കളോട് തുറന്നടിച്ചു. ഇതോടെ മുഖം നഷ്ടപ്പെട്ട ബിജെപി നേതൃത്വം നടത്തിയ കരുനീക്കമാണ് അയ്യപ്പന്‍പിള്ള മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല. പ്രിന്‍സിപ്പലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാം എന്നതായിരുന്നു ഫോര്‍മുല. എന്നാല്‍, വിദ്യാര്‍ഥികള്‍ രാജിയില്‍ ഉറച്ചുനിന്നതോടെ ബിജെപി തന്ത്രവും വിജയിച്ചില്ല. അയ്യപ്പന്‍പിള്ള ഇപ്പോള്‍ ലോ അക്കാദമി മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരും അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുമാണെന്ന വാദമുയര്‍ത്തിയാണ് ബിജെപി ഇപ്പോള്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ബിജെപി കേരള ഘടകം രൂപീകരിച്ചതു മുതല്‍ അഡ്വ. അയ്യപ്പന്‍പിള്ള അതില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഒ രാജഗോപാല്‍ എംഎല്‍എ പ്രസിഡന്റായ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. 102 വയസ്സുള്ള അയ്യപ്പന്‍പിള്ള ഇന്നും പാര്‍ട്ടി വേദികളില്‍ സജീവമാണ്. ഇത്രയും സമുന്നതനായ ഒരു നേതാവ് ലോ അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ ബിജെപി നടത്തുന്ന സമരത്തിന്റെ ആത്മാര്‍ഥതയില്‍ സൈബര്‍ ലോകത്തും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അക്കാദമി ബൈലോ പ്രകാരം പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിക്കാനുള്ള അധികാരം ചെയര്‍മാനുണ്ട്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss