|    Oct 19 Fri, 2018 4:34 pm
FLASH NEWS
Home   >  Kerala   >  

ലോ അക്കാദമി ചര്‍ച്ച പരാജയം: രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍

Published : 30th January 2017 | Posted By: Navas Ali kn

lakshmi-nair1.jpg.image.784.410

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചു നിന്നതോടെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്‌മെന്റും സമര സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കോളെജില്‍ നിന്നും ദീര്‍ഘകാല അവധിയെടുക്കാമെന്ന് ലക്ഷ്മി നായര്‍ അറിയിച്ചെങ്കിലും വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിച്ചില്ല. പ്രിന്‍സിപ്പലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥി സംഘടനകളും രാജിവെക്കില്ലെന്ന തീരുമാനത്തില്‍ ലക്ഷ്മി നായരും ഉറച്ചു നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ ലോ അക്കാദമി ഡയറക്ടര്‍മാര്‍ വീണ്ടും ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ ജാതിപ്പേര് വിളിച്ച്് അപമാനിച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരേ പോലിസ് കേസെടുത്തു. ലോ കോളെജിലെ സമരപ്പന്തലുകള്‍ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കക്ഷി ചേരുമെന്ന് വിദ്യാര്‍ഥി സംഘടനകളും അറിയിച്ചിട്ടുണ്ട്. സമരം 20 ദിവസം പിന്നിട്ടതോടെ പ്രന്‍സിപ്പലിന്റെ രാജി കൂടാതെ വേറെയും ആവശ്യങ്ങള്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉയര്‍ത്തിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണാമായി. ലോ അക്കാദമി സര്‍ക്കാര്‍ സ്ഥാപനമാണെന്ന് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ വന്നത് കൂടുതല്‍ ക്രമക്കേടുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. ലോ അക്കാദമിയില്‍ നിന്നും നല്‍കിയ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സാധുത പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോ അക്കാദമി അന്യായമായി കൈവശം വെക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട വി എസ് അച്യൂതാനന്ദന്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചു. ഭൂമി പിടിച്ചെടുത്തില്ലെങ്കില്‍ ലോ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തി കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ചില ആദിവാസി സംഘടനകളും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss