|    Feb 24 Sat, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലോ അക്കാദമി: ചര്‍ച്ച പരാജയം

Published : 31st January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയം. ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനിന്നതോടെ രണ്ടു ഘട്ടമായി നടന്ന ചര്‍ച്ചയും വെറുതെയായി. പ്രിന്‍സിപ്പലിന്റെ രാജിയാവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതോടെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. മാനേജ്‌മെന്റിന് നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, എസ്എഫ്‌ഐ പ്രതിനിധികള്‍ രാത്രി വൈകി മാനേജ്‌മെന്റുമായി രണ്ടാമത് നടത്തിയ ചര്‍ച്ചയിലും പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ തീരുമാനമായില്ല. സമരക്കാരുടെ ആവശ്യം പരിഗണിച്ച് ലക്ഷ്മി നായരെ ഈ അധ്യയനവര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്താമെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാഗ്ദാനം. പകരം ചുമതല വൈസ് പ്രിന്‍സിപ്പലിന് നല്‍കും. അതേസമയം ലക്ഷ്മി നായരെ അധ്യാപികയായി നിലനിര്‍ത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായരാണ് ഗവേണിങ് കൗണ്‍സിലിന്റെ നിര്‍ദേശം യോഗത്തില്‍ വായിച്ചത്. ഇതോടെ രാജിയാവശ്യത്തില്‍ ഉറച്ചുനിന്നിരുന്ന വിദ്യാര്‍ഥി പ്രതിനിധികള്‍ നിലപാട് മയപ്പെടുത്താനും ശ്രമിച്ചു. ലക്ഷ്മി നായരെ എത്ര വര്‍ഷത്തേക്ക് പദവിയില്‍നിന്ന് ഒഴിവാക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷം മാത്രമേ മാറ്റിനിര്‍ത്താന്‍ സാധിക്കൂവെന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെ അഞ്ചു വര്‍ഷമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉയര്‍ത്തി. ഇക്കാര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ സമവായം ഉണ്ടാവാതെ വന്നതോടെ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു.  ലക്ഷ്മി നായര്‍ താന്‍ രാജിവയ്ക്കില്ലെന്ന നിലപാടാണ് ചര്‍ച്ചയിലുടനീളം സ്വീകരിച്ചത്. യൂനിവേഴ്‌സിറ്റി ഡീബാര്‍ ചെയ്യുകയും ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അധ്യാപികയായി തുടരാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. രാജിയോട് അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്നും സമരക്കാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss