|    Oct 19 Fri, 2018 5:29 pm
FLASH NEWS
Home   >  Editpage  >  Article  >  

ലോ അക്കാദമിയിലെ നിയമരാഹിത്യം

Published : 22nd January 2017 | Posted By: fsq

അവകാശങ്ങള്‍ നിഷേധങ്ങള്‍

അംബിക
ജാതീയ അടിച്ചമര്‍ത്തലിന്റെ പേരില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ജീവത്യാഗത്തിന്റെ വാര്‍ഷികം ആചരിക്കുന്ന നാളുകളിലാണ് കേരളത്തിലും വിദ്യാര്‍ഥിപ്രക്ഷോഭം ശക്തിപ്പെടുന്നത്. തൃശൂര്‍ പാമ്പാടി നെഹ്‌റു സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോളജ് അധികൃതരുടെ ശാരീരികവും മാനസികവുമായ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലാകെ നടുക്കമുണ്ടാക്കി.

തുടര്‍ന്ന് നെഹ്‌റു കോളജ് അടിച്ചുതകര്‍ത്തു. സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫിസും രോഷാഗ്നിക്ക് ഇരയായി. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതിനായി ഇടിമുറികള്‍ വരെയുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. സ്വാശ്രയ കോളജുകളിലേ വിദ്യാര്‍ഥിപീഡനങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ നിയമപഠന സ്ഥാപനമായ ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം. 1967ലാണ് തിരുവനന്തപുരത്ത് കേരള ലോ അക്കാദമി സ്ഥാപിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ലോ കോളജാണിത്്. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും നേതാക്കള്‍ ചുളുവില്‍ നിയമബിരുദം നേടിയെടുക്കാന്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന പ്രത്യേകതയും ഇതിനുണ്ട്. സര്‍ക്കാര്‍ ലോ കോളജുകളില്‍ പഠനസമയവും സിലബസും പ്രവേശന യോഗ്യതയും കര്‍ക്കശമാണ്. എന്നാല്‍, ലോ അക്കാദമിയില്‍ ഇക്കാര്യങ്ങളിലെല്ലാം അയവുണ്ട്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഒരു നിയമബിരുദം മാര്‍ക്കറ്റ് കൂട്ടാന്‍ സഹായകമാണ്. ലോ അക്കാദമിയുടെ സ്ഥാപകന്‍ കോലിയക്കോട് നാരായണന്‍ നായര്‍ക്ക് എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളിലുമുള്ള സ്വാധീനമാണ് ലോ അക്കാദമിയുടെ വളര്‍ച്ചയുടെ അടിസ്ഥാനമായത്. പിതാവിന്റെ പാതയിലൂടെ തന്നെയാണ് ലോ അക്കാദമിയുടെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കൂടിയായ ലക്ഷ്മി നായരും.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ലോ അക്കാദമിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഈ രീതിയിലുള്ള സ്വാധീനങ്ങളും ബന്ധങ്ങളുമാണ് അവരെ ലോ അക്കാദമിയുടെ തികഞ്ഞ സ്വേച്ഛാധിപതിയായ പ്രിന്‍സിപ്പലായി മാറ്റിയത് എന്നുവേണം അനുമാനിക്കാന്‍. വിദ്യാര്‍ഥികളുടെയോ മറ്റ് അധ്യാപകരുടെയോ അഭിപ്രായങ്ങളോ പരാതികളോ അവര്‍ ഒരിക്കലും ചെവിക്കൊണ്ടിരുന്നില്ല. ലോ അക്കാദമിയെ കേവലം ബിസിനസ് സ്ഥാപനമായി മാത്രമാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കാണുന്നത് എന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആരോപണം. ടെലിവിഷന്‍ അവതാരകയായ അവര്‍ക്ക് വിദ്യാര്‍ഥികളുടെ കാര്യങ്ങളേക്കാള്‍ കുക്കറി ഷോകളുടെ ഷൂട്ടിങിലാണ് കൂടുതല്‍ താല്‍പര്യമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെയും അധ്യാപകര്‍ അടക്കമുള്ളവരെയും വളരെ ക്രൂരമായും പ്രതികാരബുദ്ധിയോടെയുമാണ് അവര്‍ നേരിട്ടിരുന്നത്.

പ്രിന്‍സിപ്പലിന്റെ ഇംഗിതം അനുസരിച്ചാണ് അറ്റന്റന്‍സും ഇന്റേണല്‍ മാര്‍ക്കും നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ 21 വിദ്യാര്‍ഥികള്‍ക്ക് ഒരു വിദ്യാഭ്യാസ വര്‍ഷം നഷ്ടമായി. സ്ഥാപനത്തില്‍ സംഘടനാ സ്വാതന്ത്ര്യമില്ല. ഹോസ്റ്റല്‍ ജയിലിനു സമാനമാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ലക്ഷ്മി നായര്‍ നടത്തുന്ന കാറ്ററിങ് സ്ഥാപനത്തില്‍ നിന്നു മാത്രമേ ഭക്ഷണം കഴിക്കുന്നതിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും പെണ്‍കുട്ടികള്‍ പറയുന്നു.ഇങ്ങനെ നിരവധി പരാതികളാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പുറത്തു പറയുന്നത്. ജാതീയമായി വേര്‍തിരിച്ചു കണ്ടിരുന്നെന്നും തങ്ങളുടെ സൗഹൃദങ്ങളില്‍ പോലും ജാതീയതയ്ക്ക് അവര്‍ പ്രേരിപ്പിച്ചിരുന്നെന്നും കുട്ടികള്‍ തന്നെ പറയുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം വിദ്യാര്‍ഥികള്‍ ഭയം കൊണ്ടു മാത്രം മൂടിവയ്ക്കുകയായിരുന്നു.

പുറത്തു പറഞ്ഞാല്‍ ഇന്റേണല്‍ മാര്‍ക്കും അറ്റന്റന്‍സും നഷ്ടമാവുമെന്ന ഭീഷണിക്ക് കുട്ടികള്‍ക്കു വഴങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ലോ അക്കാദമി വിദ്യാര്‍ഥിസമരത്തിന്റെ ഭാഗമായി ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. എന്തായാലും കേരളത്തിലെ സ്വാശ്രയ-സ്വകാര്യ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന അനീതികളും അതിക്രമങ്ങളും പുറത്തുകൊണ്ടുവരുന്നതിനു ജിഷ്ണു പ്രണോയിയുടെ ജീവത്യാഗം വേണ്ടിവന്നുവെന്നത് ദുഃഖകരമാണ്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്നു നിലവാരത്തകര്‍ച്ചയുടെ പടുകുഴിയിലായിരിക്കുന്നു.

സ്വാശ്രയ-സ്വകാര്യ മേഖലകളില്‍ യാതൊരുവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമില്ലാതെ ഉയര്‍ന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവാരത്തകര്‍ച്ചയുടെ പ്രധാന കാരണം. സ്വാശ്രയ മേഖലയിലെ ഇത്തരം മനുഷ്യത്വവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനു വിദ്യാര്‍ഥികളോടൊപ്പം നില്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss