|    Sep 26 Wed, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോ അക്കാദമിമനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published : 24th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമിയിലെ സംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ലോ അക്കാദമിയിലെ സമരം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും അക്കാദമി പ്രിന്‍സിപ്പലിനും നിര്‍ദേശം നല്‍കി. സമരം ആരംഭിച്ചിട്ട് രണ്ടാഴ്ചയായെന്നും കോളജ് അധികൃതരുടെ പിടിവാശിയാണ് പ്രശ്‌ന പരിഹാരമുണ്ടാവാത്തതിന് കാരണമെന്നും കമ്മീഷന്‍ വിലയിരുത്തി. അക്കാദമിയില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും കമ്മീഷനെ ഉല്‍ക്കണ്ഠ അറിയിച്ചിട്ടുണ്ട്.  പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ജാതിപ്പേര് വിളിക്കുന്നതായും ചില അധ്യാപകര്‍ ഇന്റേണല്‍ അസസ്‌മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പഠിക്കാനുള്ള അവകാശം ഭരണഘടനാ ദത്തമായതിനാല്‍ വിഷയം തീര്‍ക്കാതിരിക്കുന്നതിന് ന്യായീകരണമില്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ലോ അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി തെളിവെടുപ്പ് തുടങ്ങി. ടി രാജേഷ്‌കുമാര്‍ കണ്‍വീനറായ ഒമ്പതംഗ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, കോളജ് ജീവനക്കാര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. നാളെയും തെളിവെടുപ്പ് തുടരും.  28ന് നടക്കുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതി റിപോര്‍ട്ട് സമര്‍പ്പിക്കും.  റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വരെ വിദ്യാര്‍ഥികള്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് സമിതി അറിയിച്ചു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ തന്നെയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല. ബാഹ്യശക്തികളുടെ പ്രേരണയാലാണ് വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പ്രിന്‍സിപ്പലിനെ മാറ്റുന്നതിനുള്ള ഒരു സമരം ചരിത്രത്തില്‍ തന്നെ നടന്നിട്ടില്ല. വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുകയാണ്. ഉപസമിതി തെളിവെടുപ്പിന് വന്ന സാഹചര്യത്തില്‍ കനത്ത പോലിസ് സന്നാഹം കോളജില്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി ഇടപെടലിലൂടെ നാളെ കോളജ് തുറക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് നടത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss