|    May 23 Tue, 2017 10:32 pm
FLASH NEWS

ലോഹഉണ്ടയേറ്റ് 12കാരന്‍ കൊല്ലപ്പെട്ടു: കശ്മീരില്‍ വീണ്ടും സംഘര്‍ഷം; ശ്രീനഗറിലും പരിസരപ്രദേശങ്ങളിലും കര്‍ഫ്യൂ

Published : 9th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സുരക്ഷാസേനയുടെ തോക്കില്‍ നിന്നു ലോഹഉണ്ടയേറ്റ ബാലന്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ വീണ്ടും സംഘര്‍ഷം. ശ്രീനഗറിലും പരിസരപ്രദേശങ്ങളിലും വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സൗറയിലെ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജുനൈദ് അഹ്മദ് അഖൂന്‍ (12) ആണ് മരിച്ചത്. സഫാകദല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ  സൈദാപുരയില്‍ വെള്ളിയാഴ്ച പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവം.
തലയ്ക്കും നെഞ്ചിനും ലോഹഉണ്ടകള്‍ തറഞ്ഞുകയറിയ ജുനൈദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ലോഹഉണ്ട തലച്ചോര്‍ തകര്‍ത്തതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി.
ലോഹഉണ്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ കശ്മീരി ബാലനാണ് ജുനൈദ്. സപ്തംബര്‍ 16നു ഹാര്‍വന്‍ സ്വദേശി നാസിര്‍ ഷാഫി ഖാസി (11) സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം വ്യാപകമാവാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നോഹട്ട, ഖാന്‍യാര്‍, റെയ്‌നാവാരി, സഫാകദല്‍, മഹാരാജ് ഗഞ്ച്, മൈസൂമ, ബട്മാലൂ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കര്‍ഫ്യൂ. നഗരങ്ങളില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. പരിശോധന കര്‍ശനമാക്കി. ജൂലൈ 8ന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം തുടര്‍ച്ചയായി 92ാമത്തെ ദിവസമാണ് കശ്മീരില്‍ സാധാരണ ജീവിതം തടസ്സപ്പെടുന്നത്. വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ബങ്കുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day