|    Nov 17 Sat, 2018 12:07 pm
FLASH NEWS

ലോറി സമരം തീര്‍ന്നതോടെ പച്ചക്കറികള്‍ക്ക് വില കുറയുന്നു

Published : 2nd August 2018 | Posted By: kasim kzm

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ലോറി സമരം അവസാനിച്ചതോടെ വിപണിയില്‍ പച്ചക്കറികള്‍ക്ക് വില കുറഞ്ഞുതുടങ്ങി. കിലോഗ്രാമിന് അഞ്ചു രൂപമുതല്‍ 20 രൂപ വരേയാണ് മിക്ക ഇനങ്ങള്‍ക്കും വില കുറഞ്ഞിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കെ വില നിലവാരം പക്ഷേ പൂര്‍ണമായും ജനപ്രിയമായിട്ടില്ല. ലോറി സമരം അവസാനിച്ചെങ്കിലും ഇന്ധന വില ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ചരക്കു കൂലി വര്‍ധിപ്പിക്കണമെന്ന ലോറി ഉടമകളുടെ ആവശ്യം നിലനില്‍ക്കെ പച്ചക്കറി വിപണിയിലെ വില നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.
ലോറി സമരത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന പച്ചക്കറി വില ജനപ്രിയ ഭാവത്തിലേക്കെത്തുന്ന സ്ഥിതിയാണ് നിലവിലേത്. പയറിന് കിലോഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 60 രൂപയില്‍ നിന്നും വില 40 രൂപയിലേക്കാണ് വില താഴ്ന്നത്. എന്നാല്‍ നാടന്‍ പയറിന് 90 രൂപ നല്‍കണം. പത്തു രൂപ മാത്രമാണ് കുറഞ്ഞത്. 100 രൂപയായിരുന്ന മുളകിന് ഇപ്പോള്‍ വില 85 രൂപയാണ്. ഉരുളക്കിഴങ്ങിന് എട്ടു രൂപ കുറഞ്ഞ് വില 40രൂപയും കോളിഫ്‌ലവറിന് 48 രൂപയുമായി. ചെറിയ ഉള്ളിക്ക് 10 രൂപ കുറഞ്ഞ് കിലോഗ്രാമിന് 80 രൂപയായപ്പോള്‍ വലിയ ഉള്ളിക്ക് രണ്ടു രൂപ മാത്രമാണ് കുറഞ്ഞത്. തക്കാളി വില 25ല്‍ നിന്നും 16 രൂപയിലെത്തി.
48 രൂപയുള്ള വെണ്ടയുടെ വിലയില്‍ മാറ്റമില്ല. അതേസമയം കൈപ്പക്ക് 48 രൂപയില്‍ നിന്നും വില 70 രൂപയായി ഉയര്‍ന്നു.കാലവര്‍ഷം ശക്തിയായി തുടരുന്ന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് വിപണിയെ ബാധിക്കും. നാടന്‍ ഉല്‍പന്നങ്ങളുടെ വരവു നിലച്ചതോടെ തമിഴ്‌നാടിനേയും കര്‍ണാടകയേയുമാണ് പച്ചക്കറികള്‍ക്കായി ജില്ലയിലെ വിപണികള്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇടത്തട്ടുകാര്‍ ജനപ്രിയ ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധിയേറ്റുന്നു.
ഇന്ധന വിലയില്‍ അടിക്കടിയുള്ള വര്‍ധനവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്നിരിക്കെ ചരക്കു കൂലി വര്‍ധിപ്പിക്കാനാണ് ലോറി ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം പച്ചക്കറി വിപണിയില്‍ ഉടനുണ്ടാവുമെന്ന് വ്യാപാരികള്‍ പറയുന്നു. ശക്തമായി തുരടുന്ന കാലവര്‍ഷം കാര്‍ഷികമേഖലയെ തളര്‍ത്തിയതോടെ നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലില്ല. ലഭ്യമായ പച്ചക്കറി ഇനങ്ങള്‍ നിത്യ വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് നിലവിലെ വിലക്കുറവ് സാധാരണക്കാര്‍ക്ക് ആശ്വാസമേകില്ലെന്നതാണ് ചില്ലറ വിപണി സാക്ഷ്യപ്പെടുത്തുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss