|    Jun 23 Fri, 2017 5:43 pm
FLASH NEWS

ലോറിയില്‍ കൊണ്ടുവന്ന നിരോധിത കീടനാശിനികള്‍ എക്‌സൈസ് പിടികൂടി

Published : 8th October 2016 | Posted By: Abbasali tf

കുമളി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കു ലോറിയില്‍ കൊണ്ടുവന്ന നിരോധിത കീടനാശിനികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കെആര്‍എസ് പാര്‍സല്‍ ലോറിയില്‍ അനധികൃതമായി കൊണ്ടു വന്ന 200 കിലോ ഗ്രാം ഫോറേറ്റ്, 225 കിലോഗ്രാം ഫ്യൂറിഡാന്‍, 400 ലിറ്റര്‍ പാരക്വേറ്റ് എന്നിവയാണ് പിടികൂടി കൃഷി വകുപ്പിനു കൈമാറിയത്. തേനിയിലെ കെആര്‍എസ് പാര്‍സല്‍ കമ്പനിയുടെ ഓഫിസില്‍ നിന്നു കയറ്റിവിട്ട മാരക കീടനാശിനികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പതിവു പരിശോധനക്കിടെയാണു ചുവപ്പ് കാറ്റഗറിയില്‍പ്പെട്ട മാരക കീടനാശിനകള്‍ കണ്ടെത്തിയത്. കീടനാശിനിയുടെ രൂക്ഷ ഗന്ധം വന്നതിനെ തുടര്‍ന്നായിരുന്ന പരിശോധന. എക്‌സൈസ് അറിയിച്ചതിനെ തുടര്‍ന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമെത്തി. സംസ്ഥാനത്തെ നിരോധിക്കപ്പെട്ട 16 ഇനം കീടനാശിനികളില്‍ ഉള്‍പ്പെടുന്നതാണിവയെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മധുരയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ബില്ലും വാഹനത്തിലുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ കര്‍ഷക കട എന്ന സ്ഥാപനത്തിലേക്കാണ് ഇവ കൊണ്ടുവന്നത്. ഈ സ്ഥാപനം വ്യാജമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തേനിയില്‍ നിന്നാണിത് ലോറിയില്‍ കയറ്റിയതെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ചന്ദ്രന്‍ കുട്ടി, പ്രിവന്റീവ് ഓഫിസര്‍ എം എസ് മധു, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഡി ബിജുമോന്‍, ജയന്‍ പി ജോണ്‍, ഉണ്ണിമോന്‍ മൈക്കിള്‍, ഷെനേജ് കെ, അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിരോധിത കീടനാശിനികള്‍ പിടികൂടിയത്. അര ലക്ഷം രൂപയോളം ഇതിനു വിലമതിക്കും. ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി, എറണാകുളം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോവുന്നുവെന്നാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക