|    Nov 17 Sat, 2018 6:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോയ കേസ്:ഹരജിക്കാരന്‍ 17 വര്‍ഷം മുമ്പുള്ള കേസില്‍ അറസ്റ്റില്‍

Published : 5th August 2018 | Posted By: kasim kzm

നാഗ്പൂര്‍: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച അഭിഭാഷകനെ 17 വര്‍ഷം മുമ്പത്തെ കേസില്‍ നാഗ്പൂര്‍ പോലിസ് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. ആക്റ്റിവിസ്റ്റ് കൂടിയായ സതീഷ് ഉകെയെയാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജൂലൈ 31ന് അറസ്റ്റ് ചെയ്തത്.
ജസ്റ്റിസ് ലോയ മരണസമയത്ത് നാഗ്പൂരില്‍ എത്തിയത് സര്‍ക്കാര്‍ ജോലിയുടെ ഭാഗമായാണെന്ന രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഔദ്യോഗിക നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് ജൂണില്‍ ഉകെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റിന് രണ്ടാഴ്ച മുമ്പ് അദ്ദേഹം വീണ്ടും മറ്റൊരു ഹരജി കൂടി നല്‍കി. ഇതു കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് നേരത്തേ ഉകെ ഹരജികള്‍ നല്‍കിയിരുന്നു. നാഗ്പൂരിലെ കോ-ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി സെക്രട്ടറി ശോഭാറാണി നലോദെയുടെ പരാതിപ്രകാരമാണ് ഉകെയെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
ഏപ്രിലിലാണ് നലോദെ പരാതി നല്‍കിയത്. ജൂലൈ 31ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്നുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ധൃതിപിടിച്ചുള്ള അറസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഏപ്രില്‍ മുതല്‍ തന്നെ തങ്ങള്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുവരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ടതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നതെന്നു പറയുന്ന സ്വത്തു തട്ടിപ്പ് കേസില്‍ ഉകെയെ കുടുക്കിയതെന്ന് സഹോദരന്‍ പ്രദീപ് ആരോപിച്ചു. ഏതാനും വര്‍ഷങ്ങളായി ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചുവരുകയായിരുന്നു ഉകെ.
2014ല്‍ നാഗ്പൂരിലാണ് ജസ്റ്റിസ് ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായി പറഞ്ഞത്. ബിജെപി പ്രസിഡ ന്റ് അമിത് ഷാ പ്രതിയായ സുഹ്‌റബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടുകൊണ്ടിരുന്നത് ജസ്റ്റിസ് ലോയയായിരുന്നു. സുഹ്‌റബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് തനിക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് മരിക്കുന്നതിനു രണ്ടുമാസം മുമ്പ് ലോയ ഉകെയോട് പറഞ്ഞിരുന്നു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഉകെ ശേഖരിച്ച വിവരങ്ങള്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ സംഭവത്തില്‍ പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss