|    Jan 17 Tue, 2017 6:22 am
FLASH NEWS

ലോധ കമ്മിറ്റി ശുപാര്‍ശ: ബിസിസിഐക്ക് വീണ്ടും സുപ്രിംകോടതിയുടെ താക്കീത്

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാത്ത ബിസിസിഐക്ക് സുപ്രിംകോടതിയുടെ താക്കീത്. നിങ്ങള്‍ എന്നാണ് ശുപാര്‍ശകള്‍ നടപ്പാക്കുകയെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ബിസിസിഐയോട് ചോദിച്ചു. ബിസിസിഐയില്‍ അഡ്മിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് അമിക്കസ്‌ക്യൂറി ഗോപാ ല്‍ സുബ്രഹമണ്യം നിര്‍ദേശിച്ചു. അല്ലെങ്കില്‍ ലോധ കമ്മിറ്റിയെ ഈ ചുമതല ഏല്‍പ്പിക്കാം. ബിസിസിഐക്കെതിരേ കോടതിയലക്ഷ്യനടപടി വേണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു.
ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് നിങ്ങള്‍ എന്നാണ് ശുപാര്‍ശകള്‍ നടപ്പാക്കുകയെന്ന് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ തിയ്യതി പറയാനാവില്ലെന്നും ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും ബിസിസിഐക്കുവേണ്ടി ഹാജരായ മുതി ര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബിസിസിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് ദീപാവലി കഴിഞ്ഞുള്ള അവധിക്കു ശേഷം പരിഗണിക്കാമെന്നു കോടതി അറിയിച്ചു. കേസില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മടിയില്ലെന്നും അനുരാഗ് പറഞ്ഞു.
കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പ്രതിനിധിയെ ബിസിസിഐയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ സംബന്ധിച്ച് ശശാങ്ക് അധ്യക്ഷനായിരിക്കെ കമ്മിറ്റിയില്‍ ചര്‍ച്ചനടന്നിരുന്നു. എന്നാല്‍, അങ്ങിനെ വന്നാല്‍ അതു സര്‍ക്കാരിന്റെ ഇടപെടലിനും ഐസിസിയുടെ നടപടിക്കും കാരണമായേക്കാനിടയുണ്ടെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് നിലവിലെ ഐസിസി അധ്യക്ഷനായ ശശാങ്കറിനു താന്‍ കത്തയച്ചിരുന്നു. നിലവില്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ശശാങ്കര്‍ മറുപടി നല്‍കിയതെന്നും അനുരാഗ് വ്യക്തമാക്കി. ലോധ കമ്മിറ്റി റിപോ ര്‍ട്ടിന്റെ കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിഷയത്തില്‍ ഐസിസിയെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതിയും അറിയിച്ചു.
കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോഴും സുപ്രിംകോടതി ബിസിസിഐയെ വിമര്‍ശനംകൊണ്ട് മൂടിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ബിസിസിഐയെ അനുവദിക്കില്ലെന്നും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ബിസിസിഐയെക്കൊണ്ട് നടപ്പാക്കിക്കാന്‍ അറിയാമെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു. ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് സുപ്രിംകോടതി ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക