|    Jan 21 Sat, 2017 10:03 am
FLASH NEWS

ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാത്തതില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം; ബിസിസിഐക്ക് താക്കീത്

Published : 7th October 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ ഉദാസീനത കാണിക്കുന്ന ബിസിസിഐക്ക് ശക്തമായ താക്കീതുമായി സുപ്രിംകോടതി. ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കുള്ള ബിസിസിഐയുടെ എല്ലാ ധനസഹായവും നിര്‍ത്തിവയ്ക്കാന്‍ 24 മണിക്കൂറിനുള്ളില്‍ ഉത്തരവിടേണ്ടിവരും. സപ്തംബര്‍ 30നു ബിസിസിഐ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് വിതരണം ചെയ്ത 400 കോടി രൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ക്രിക്കറ്റ് മേഖലയില്‍ അഴിമതി ഇല്ലാതാക്കുന്നതിനും സുതാര്യത കൊണ്ടുവരുന്നതിനും സുപ്രിംകോടതി നിയോഗിച്ച ആര്‍ എം ലോധ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബിസിസിഐക്ക് കോടതി ഇന്നുവരെ സമയം അനുവദിച്ചു. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുകയാണോ അതോ ഇക്കാര്യത്തില്‍ തങ്ങള്‍ ഉത്തരവ് പുറപ്പെടുവിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം ഇതു നടപ്പാക്കാന്‍ പ്രയാസമാണെന്നും ബിസിസിഐ നിര്‍ദേശില്‍ ഉടനെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ വഴങ്ങില്ലെന്നും ബിസിസിഐക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
അനുസരണക്കേട് കാട്ടുന്ന അസോസിയേഷനുകള്‍ക്ക് നിങ്ങള്‍ പണം നല്‍കുന്നത് തുടരുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു. ലോധ കമ്മിറ്റി വിലക്കിയിട്ടും 400 കോടി സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ നല്‍കിയിട്ടുണ്ട്. ഇക്കാര്യം കമ്മിറ്റിയെ അറിയിക്കാതെയാണ് ചെയ്തതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
പണം വേണമെങ്കില്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. അല്ലെങ്കില്‍ പണം തരുന്നത് നിര്‍ത്തുമെന്നു മാത്രമല്ല, തന്ന പണം തിരിച്ചുവാങ്ങുമെന്നും പറയണം. ബിസിസിഐയുടെ പിന്തുണയുള്ളതുകൊണ്ടാണ് അവര്‍ അനുസരണക്കേട് കാട്ടുന്നതെന്നും ഠാക്കൂര്‍ പറഞ്ഞു. അവര്‍ ഉള്ളതുകൊണ്ടാണ് ബിസിസിഐ നിലനില്‍ക്കുന്നത് എന്നായിരുന്നു കപില്‍ സിബലിന്റെ മറുപടി. എന്നാല്‍, ബിസിസിഐ ഉള്ളതുകൊണ്ടാണ് അവരും നിലനില്‍ക്കുന്നതെന്ന് കോടതി തിരിച്ചടിച്ചു.
ബിസിസിഐക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ഒരവസ്ഥയിലാണ് കോടതിയെന്നു ചീഫ്ജസ്റ്റിസ് പറഞ്ഞു. എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബിസിസിഐയിലുള്ളത്? പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ അധ്യക്ഷപദവിയേറുന്നതിനു മുമ്പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അനുരാഗ് ഠാക്കൂര്‍ ഒരു ക്രിക്കറ്ററാണെന്ന കപില്‍ സിബലിന്റെ വാദത്തെ, താന്‍ സുപ്രിംകോടതി ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണെന്നു പറഞ്ഞു പരിഹസിക്കുകയാണ് ചീഫ്ജസ്റ്റിസ് ചെയ്തത്.
തങ്ങള്‍ നിര്‍ദേശിച്ച ശുപാര്‍ശകളൊന്നും ബിസിസിഐ നടപ്പില്‍വരുത്തിയിട്ടില്ലെന്നും ഇക്കാര്യം സൂചിപ്പിച്ച് പലകുറി ഇ-മെയിലുകള്‍ അയച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ലോധ കമ്മിറ്റി കോടതിയെ അറിയിച്ചു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ബിസിസിഐ വോട്ടിങിലൂടെ തള്ളുകയാണുണ്ടാതെന്ന് ബിസിസിഐ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക