|    Jan 16 Mon, 2017 4:49 pm

ലോധ കമ്മിറ്റിക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍ എം ലോധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി. ഹരജി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. അതേസമയം, ലോധ സമിതി റിപോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമവിധി പറയുന്നത് നീട്ടിവച്ച സുപ്രിംകോടതി, പുനപ്പരിശോധനാ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ മാറിനില്‍ക്കണമെന്ന ബിസിസിഐയുടെ ആവശ്യവും അംഗീകരിച്ചില്ല.
ലോധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതിനു സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ബിസിസിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ അന്തിമ ഉത്തരവു പുറപ്പെടുവിക്കുന്നത് സുപ്രിംകോടതി നീട്ടിവച്ചത്. ലോധ സമിതിയുടെ ശുപാര്‍ശകളില്‍ ചില സംശയങ്ങളുണ്ടെന്നും നടപ്പാക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കുര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
ഐപിഎല്‍ കോഴവിവാദങ്ങളെ തുടര്‍ന്ന് സുപ്രിംകോടതിയാണ് ബിസിസിഐ ഉടച്ചുവാര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് അപ്പടി അംഗീകരിച്ച സുപ്രിംകോടതി, ഇത് നടപ്പില്‍വരുത്താന്‍ കഴിഞ്ഞ ജൂലൈ 18ന് ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ ബിസിസിഐ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജിയാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളിയത്. കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റിസ് ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നാലില്‍ മൂന്ന് സംസ്ഥാന അസോസിയേഷനുകളും എതിര്‍പ്പ് അറിയിച്ചെന്നും ബിസിസിഐ പുനപ്പരിശോധനാ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക