|    Mar 21 Wed, 2018 10:27 pm
FLASH NEWS

ലോഡ്ജ് ഉടമകള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ല; ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ഇപ്പോഴും അവ്യക്തം

Published : 27th June 2016 | Posted By: SMR

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റ കൃത്യങ്ങള്‍ പെരുകുമ്പോഴും ഇവരെ സംബന്ധിച്ച് കൃത്യമായ കണക്ക് ആരുടെയും കൈവശമില്ല. ജില്ലയിലെ പ്രധാന ടൗണുകള്‍, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളില്‍ മാത്രല്ല, ഉള്‍നാടന്‍ തൊഴിലിടങ്ങളിലും ഇതര സംസ്ഥാനക്കാരുടെ സാനിധ്യം വര്‍ധിച്ച തോതിലാണ്.
ചെങ്കല്ല്, കരിങ്കല്‍ ക്വറികള്‍, ക്രഷറുകള്‍, കോഴിഫാം, ഹോളോ ബ്രിക്‌സ് നിര്‍മാണ സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണം തുടങ്ങിയവ കേന്ദ്രീകരിച്ച് നൂറുകണക്കിന് തൊഴിലാളികള്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും ഒറ്റയ്ക്കും കുടുംബവുമായും താമസിക്കുന്നുണ്ട്.
പോലിസ്, ലേബര്‍ഓഫിസ്, നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇതരസംസ്ഥാന തൊഴിലാളികളുമായി ഇടയ്‌ക്കെങ്കിലും ബന്ധപ്പെടുന്നത്. കേസുകളില്‍ കുടുങ്ങുമ്പോള്‍ മാത്രാണ് പലപ്പോഴും അവരെകുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നതുതന്നെ. ആരോഗ്യവകുപ്പ് ഈ വിഭാഗക്കാര്‍ക്കായി ഇടയക്ക് പകര്‍ച്ച വ്യാധി ബോധവല്‍ക്കരണം, പ്രതിരോധകുത്തിവയ്പുകള്‍ എന്നിവ സംഘടിപ്പിക്കാറുണ്ടെങ്കിലും ഓരോ പ്രദേശത്തും താമസിക്കുന്നവരുടെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിനുമറിയില്ല. ഇതരസംസ്ഥാന തൊഴിലാളികയുടെ മേല്‍വിലാസം, തൊഴില്‍, രക്തഗ്രൂപ്, രോഗങ്ങള്‍ തുടങ്ങിയവ ഉള്‍പെടുന്ന ആരോഗ്യകാര്‍ഡ് നല്‍കാന്‍ സംസ്ഥാനതലത്തില്‍ നീക്കം നടന്നെങ്കിലും ചുരുക്കം ചില ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മാത്രമാണ് ആരോഗ്യ കാര്‍ഡ് നല്‍കിയിട്ടുള്ളത്.
ഇവര്‍ക്കിടയില്‍ പരിശേധാനകള്‍ നിരന്തരം നടത്താന്‍ കഴിയാത്തതാണ് കാര്‍ഡ് നല്‍കാന്‍ തടസ്സമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. നിരന്തരം തൊഴിലിടങ്ങള്‍ മാറുന്നതാണ് മറ്റൊരു പ്രശ്‌നം.
ഇത്തരക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ പൂര്‍ണ മേല്‍വിലാസം, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവ കെട്ടിട ഉടമവാങ്ങി സൂക്ഷിക്കണമെന്ന് നിയമമുണ്ട്. ഇത്തരം രേഖകള്‍ പോലിസിന് കൈമാറാത്തതാണ് ഇവരെകുറിച്ച് വ്യക്തമായ വിവരം ലഭിക്കാതെ പോവുന്നതിന് കാരണം. ഇതര സംസ്ഥാനക്കാര്‍ക്ക് വാടകയ്ക്ക് മുറി നല്‍കുമ്പോള്‍ തൊട്ടടുത്ത പോലിസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം നാട്ടുകാരായ കെട്ടിട ഉടമകള്‍കള്‍ മിക്കപ്പോഴും ലംഘിക്കുകയാണ്. ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ ആസാം, ബംഗാള്‍, ബീഹാര്‍, തമിഴനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ താമസമുണ്ടെങ്കിലും അവര്‍ക്ക് താമസസൗകര്യം നല്‍കിയ മിക്കവരും ഈ വിവരം പോലിസില്‍ അറിയിച്ചിട്ടില്ല.
ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന കേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലാത്തിനാല്‍ മലേറിയ അടക്കമുള്ള പകര്‍ചവ്യാധികളുടെ ഭീഷണിയും ഏറെയാണ്. അമിതമായ ലഹരി-പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം ഈവിഭാഗത്തില്‍ ഏറെയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ചെറുകിട കച്ചവടകേന്ദ്രങ്ങളില്‍ പുകയില പാന്‍മസാല അടക്കമുള്ള ലഹരിവസ്തകളുടെ വില്‍പനപോലും ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവച്ചുള്ളതാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പെട്ട ചെറുതും വലുതുമായ 240 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുട്ടുണ്ട്. ഏറ്റവും കൂതല്‍ എറണാകുളം ജില്ലയിലാണ്. തൊട്ടുപിന്നിലാണ് മലപ്പുറം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss