|    Aug 19 Sat, 2017 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോട്ടറി വില്‍പന നിയമപരം: മിസോറാം സര്‍ക്കാര്‍

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: തങ്ങളുടെ ലോട്ടറി കേരളത്തില്‍ വിതരണം ചെയ്യുന്നത് നിയമപരമാണെന്ന് മിസോറാം സര്‍ക്കാര്‍. മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ മിസോറാം ലോട്ടറി ഡയറക്ടറുടെ പേരില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ലോട്ടറി വില്‍പനയെ ന്യായീകരിക്കുന്നത്. കേരളത്തില്‍ ലോട്ടറി വില്‍പന സംബന്ധിച്ചു നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണു പരസ്യം. 1998ലെ ലോട്ടറി (റെഗുലേഷന്‍സ്) ആക്റ്റിലെ സെക്ഷന്‍ (4) അനുസരിച്ചാണു വില്‍പന നടത്തുന്നത്. കേരളത്തിലെ മിസോറാം സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ്. മിസോറാം ധനകാര്യ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ ജൂലൈ 21ന് നല്‍കിയിട്ടുണ്ട്. നിലവില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര, സിക്കിം സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി ലോട്ടറി വില്‍പന നടത്തുന്നുണ്ടെന്നും പരസ്യത്തില്‍ വിശദീകരിക്കുന്നു. കേരളത്തിലെ പോലിസ്, ജിഎസ്ടി നടപടിക്രമങ്ങള്‍ ശക്തമാക്കിയതോടെ ലോട്ടറിയുടെ മൊത്തവിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉടമ ഡല്‍ഹി സ്വദേശി മേത്ത, കണ്ണൂര്‍ സ്വദേശി ഗിരീഷ് ഉള്‍പ്പെടെ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിതരണക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ലോട്ടറി വിതരണം നിര്‍ത്തിവയ്ക്കണമെന്ന് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മിസോറാം ലോട്ടറിയുടെ ഏജന്‍സി എടുത്ത ഏജന്റുമാര്‍ക്ക് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണു പുതിയ പരസ്യവുമായി മിസോറാം സര്‍ക്കാര്‍ രംഗത്തെത്തിയത്.അതേസമയം, നിയമവിരുദ്ധമായ കരാറിന്റെ അടിസ്ഥാനത്തില്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി കച്ചവടത്തിനിറങ്ങിയാല്‍ മിസോറാം ലോട്ടറി ഡയറക്ടര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കേരളം. പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങള്‍ക്കു നല്‍കിയ  മറുപടിയിലാണ് കേരള നികുതി വകുപ്പു സെക്രട്ടറിയുടെ മുന്നറിയിപ്പ്. നിയമവിരുദ്ധമായ ലോട്ടറി നടത്തിപ്പിന് രണ്ടുവര്‍ഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ. ലോട്ടറി വിറ്റുവരവ് മുഴുവന്‍ സംസ്ഥാന ഖജനാവില്‍ ഒടുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് മിസോറാം ലോട്ടറി വകുപ്പ് ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതിനു പകരം ആവിഷ്‌കരിച്ച മിനിമം ഗ്യാരന്റി റവന്യൂ എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് സിഎജിയുടെ റിപോര്‍ട്ട്.സിഎജി നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച വ്യവസ്ഥയുള്ള കരാറുമായി സംസ്ഥാനത്ത് ലോട്ടറി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കേരളം. അതേസമയം, ഇതരസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഒരു കാരണവശാലും അനുവദിക്കരുതെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക