|    Oct 18 Wed, 2017 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോട്ടറി കേസ്: സാന്റിയാഗോ മാര്‍ടിനു വേണ്ടി വീണ്ടും അഡ്വ. എം കെ ദാമോദരന്‍ ഹാജരായി

Published : 12th July 2016 | Posted By: SMR

കൊച്ചി: ലോട്ടറി കേസില്‍ ഇന്നലെയും സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം കെ ദാമോദരന്‍ ഹാജരായി. ലോട്ടറിത്തട്ടിപ്പു കേസിലെ പ്രതിക്കു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മുമ്പും ഹാജരായത് വിവാദമായിരുന്നുവെങ്കിലും ഇന്നലെയും അദ്ദേഹം തന്നെ സാന്റിയാഗോമാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചുവെങ്കിലും അഡി. സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരാകുമെന്നും സമയം അനുവദിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ കേസ് വീണ്ടു പരിഗണിക്കുന്നത് ജൂലായ് 14 ലേക്ക് മാറ്റി. ലോട്ടറിക്കേസുകളില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് സ്വത്തു കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് 31 ന് പ്രൊവിഷണല്‍ ഉത്തരവ് ഇറക്കിയത്. തുടര്‍ന്നാണ് സിബിഐ നല്‍കിയ അന്തിമ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 28 ന് സാന്റിയാഗോ മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ്മൂലവും നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍ നഗരേഷ് കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്.
ഹര്‍ജിക്കാരന് സ്വത്തു കണ്ടുകെട്ടലിനെതിരെ കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരം രൂപം നല്‍കിയ ബദല്‍ പരിഹാര ഫോറത്തെ സമീപിക്കാം. സ്വത്തു കണ്ടുകെട്ടലിനെതിരെ കമ്പനികളും പരാതി ഉന്നയിച്ചിട്ടില്ല.സ്വത്തു കണ്ടു കെട്ടലിനെ ചെറുക്കാനാണ് അന്തിമ റിപോര്‍ട്ടിനെതിരെ തിരക്കിട്ട് കോടതിയെ സമീപിച്ചതെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി എം സുധീരന്‍
തിരുവനന്തപുരം: ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും പാടെ അവഗണിച്ചുകൊണ്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഡ്വ. എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ വീണ്ടും ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്നു വ്യക്തമായിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
സംസ്ഥാന താല്‍പര്യത്തെക്കാളും ജനാഭിപ്രായത്തെക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത് സാന്റിയാഗോ മാര്‍ട്ടിന്റെ താല്‍പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണെന്നത് ഏറെ വിചിത്രമായിരിക്കുന്നു.
അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകളിലെ പൊള്ളത്തരമാണ് ഇതിലൂടെ പ്രകടമായതെന്ന് വി എം സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക