|    Jan 19 Thu, 2017 2:22 pm
FLASH NEWS

ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഹാജരായിട്ടില്ല; ദാമോദരനെ ന്യായീകരിച്ച് കോടിയേരി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായതിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം കെ ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ല, അദ്ദേഹം മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ സ്വതന്ത്രമായി കേസുകള്‍ വാദിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അത് അദ്ദേഹം വിവേചനപൂര്‍വം തീരുമാനിക്കേണ്ടതാണെന്നും കോടിയേരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ടോ എന്ന് പാര്‍ട്ടി പ്രത്യേകം പരിശോധിക്കും. എന്നാല്‍, എം കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ലോട്ടറി കേസുമായി ബന്ധപ്പെട്ടല്ലെന്നും കേന്ദ്രസര്‍ക്കാരും കേന്ദ്ര എന്‍ഫോഴ്‌മെന്റും കക്ഷിയായ കേസിലാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായ ഒരു കേസില്‍ എം കെ ദാമോദരന്‍ ഹാജരായതായി തനിക്ക് അറിവില്ല. അങ്ങനെയുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് അഭിപ്രായം പറയും. ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ അദ്ദേഹം ഹാജരായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
വിജിലന്‍സ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. പാര്‍ട്ടി നിര്‍ദേശം കൊടുത്തല്ല വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സിന്റെ നിലപാട് വിജിലന്‍സും പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടിയും വ്യക്തമാക്കുമെന്ന് കോടിയേരി പറഞ്ഞു. ബാര്‍കോഴയില്‍ മാണിക്കെതിരേ തുടരന്വേഷണം ആവശ്യമില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ചിലരെ കാണാതായതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഐഎസ് ക്യാംപിലേക്ക് ഇവര്‍ എത്തിയിട്ടുണ്ടോ എന്നത് പരിശോധനയ്ക്കു ശേഷം മാത്രമേ പറയാനാവൂ. ഇതിന്റെ പേരില്‍ ഏതെങ്കിലും മതവിഭാഗത്തെ ആക്ഷേപിക്കുന്നതു ശരിയല്ല. ഇത് വിപരീത ഫലമുണ്ടാക്കും.
മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ പാര്‍ട്ടിയുടെ നിലപാടു പറയാനാവൂ എന്നും കോടിയേരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക