|    Jan 20 Fri, 2017 5:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോക സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Published : 9th October 2016 | Posted By: SMR

ദോഹ: ലോകത്തെ 82 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ സൈക്കിളോട്ടക്കാര്‍ പങ്കെടുക്കുന്ന ലോക സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം.  ആദ്യമായാണ് ഒരു അറബ്യേന്‍ രാജ്യത്ത്  ലോക സൈക്കിള്‍ ചാംപ്യന്‍ഷിപ്പിന് വേദി ഒരുങ്ങുന്നത്.  മല്‍സരങ്ങള്‍ ഈ മാസം 16 ന് സമാപിക്കും. വ്യക്തിഗത ടൈം ട്രയല്‍, ടീം ടൈം ട്രയല്‍, ജൂനിയര്‍ റോഡ് റേസ്, അണ്ടര്‍ 23, എലൈറ്റ് കാറ്റഗറീസ് ഫോര്‍ മെന്‍ ആന്റ് വുമണ്‍ തുടങ്ങി ഡസനോളം വ്യത്യസ്ത ഇനങ്ങളില്‍ മല്‍സരം നടക്കും. ആസ്പയര്‍ സോണ്‍, എജുക്കേഷന്‍ സിറ്റി, പേള്‍ ഖത്തര്‍ എന്നിവിടങ്ങളിലായിരിക്കും ചാംപ്യന്‍ഷിപ്പ് അരങ്ങേറുക. മല്‍സരത്തിനിടെ ബന്ധപ്പെട്ട റോഡുകള്‍ അടച്ചിടും.
ഒക്ടോബര്‍ 16ന് നടക്കുന്ന എലൈറ്റ് മെന്‍സ് റോഡ് റേസാണ് ചാംപ്യന്‍ഷിപ്പിലെ പ്രധാന ആകര്‍ഷണം. 257.5 കിലോമീറ്റര്‍ നീളുന്ന ഈ മല്‍സരം ഖലീഫ ഇന്‍ര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി പേളിലെ മാര്‍സ മലാസ് കെംപിന്‍സ്‌കി ഹോട്ടലിലാണ് അവസാനിക്കുക. ദോഹയുടെ ഉത്തര ജില്ലകള്‍, അല്‍ഖോര്‍, നിര്‍മാണത്തിലിരിക്കുന്ന ലുസൈല്‍ സിറ്റി തുടങ്ങിയവ വഴിയാണ് സൈക്കിളോട്ടക്കാര്‍ കടന്നു പോവുക.
വുമണ്‍സ് എലൈറ്റ്  റോഡ് റേസ് ഒക്ടോബര്‍ 15നാണ് നടക്കുക. എജുക്കേഷന്‍ സിറ്റിയില്‍ തുടങ്ങി പേളില്‍ അവസാനിക്കുന്ന 134.5 കിലോമീറ്ററാണ് ഇതില്‍ താണ്ടേണ്ടത്. പുരുഷ, വനിതാ ടീം ട്രയലുകള്‍ ഒക്ടോബര്‍ 9ന് ലുസൈല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. 40 കിലോമീറ്റര്‍ നീളുന്ന ഇതിന്റെ റൂട്ട് പേളിലാണ് അവസാനിക്കുക. ഈ മാസം 15ന് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള റൈഡ് ഓഫ് ചാംപ്യന്‍സ് എന്ന മല്‍സര ഇനവും നടക്കുന്നുണ്ട്. രാവിലെ 7 മുതല്‍ 10 വരെ പേളിലാണ് ഇത് നടക്കുക. ഇതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ലോക സൈക്ലിങ് സംഘടനകളുടെ യൂനിയനായ സൈക്ലിസ്റ്റ് ഇന്റര്‍നാഷനലെ(യുസിഐ) സംഘടിപ്പിക്കുന്ന യുസിഐ വേള്‍ഡ് ചാംപ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും വേനല്‍ക്കാലത്താണ് നടത്താറുള്ളത്. ഒളിംപിക്‌സും ഖത്തറിലെ ചൂടും പരിഗണിച്ച് ഈ വര്‍ഷത്തെ ചാംപ്യന്‍ഷിപ്പ് അല്‍പ്പം വൈകിയാണ് നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക