|    Dec 19 Wed, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് : ഇന്ത്യയുടെ സോണിയയും ഫൈനലില്‍

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബോക്‌സിങ് റിങില്‍ ചരിത്രമെഴുതാന്‍ ഇന്നിറങ്ങുന്ന മേരികോമിന്റെ വഴിയേ ഹരിയാനക്കാരി സോണിയ ലാതെറും. ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലെ 57 കിലോഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജെയെ 5-0ന് തറപറ്റിച്ചാണ് സോണിയ ഫൈനലില്‍ കടന്നത്. മേരികോമിനു ശേഷം ഒരു ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി സോണിയ.
അതേസമയം 64 കിലോഗ്രാം വിഭാഗം സെമിയില്‍ ഇന്ത്യയുടെ സിമ്രന്‍ജിത്ത് കൗര്‍ ചൈനയുടെ ഡൗ ഡാനോടു 1-4നു പരാജയപ്പെട്ടു.
സോണിയ ഇതു രണ്ടാമത്തെ തവണയാണ് ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജെയെ പരാജയപ്പെടുത്തുന്നത്. ഇന്നു നടക്കുന്ന ഫൈനലില്‍ സോണിയ ജര്‍മനിയുടെ ഓര്‍നെല്ല വാഹ്‌നറെ നേരിടും. ഹോളണ്ടിന്റെ ജമീമ ബെട്രിയനെ 5-0ന് പരാജയപ്പെടുത്തിയാണ് വാഹ്്‌നര്‍ ഫൈനലിലെത്തിയത്. 2016ല്‍ ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയിട്ടുള്ള സോണിയ ഏഷ്യന്‍ അമച്വര്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ വെള്ളി മെഡലും നേടിയിട്ടുണ്ട്. 2016ല്‍ സീനിയര്‍ നാഷനല്‍ ഗോള്‍ഡ് മെഡല്‍ ജേതാവായിരുന്നു സോണിയ.
അതേസമയം മേരികോം ആറു സ്വര്‍ണമെന്ന റെക്കോഡ് ലക്ഷ്യമിട്ട് ഇന്ന് റിങിലിറങ്ങും. ഇന്നു നടക്കുന്ന 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉക്രെയിന്റെ ഹന്ന ഒകാതയാണ് മേരിയുടെ എതിരാളി.
ഹന്നയ്‌ക്കെതിരേ ഈവര്‍ഷമാദ്യം പോളണ്ടില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ മേരി വിജയിച്ചിരുന്നു. 2002,2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി കോം ലോക ചാംപ്യനായത്. 2001ല്‍ വെള്ളി മെഡലും നേടി.
ഇന്നു നടക്കുന്ന ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ മേരി കോം ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ വനിതാ ബോക്‌സറാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss