|    Oct 18 Thu, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ‘സിറിയയിലെ മനുഷ്യക്കുരുതികള്‍’

Published : 13th March 2018 | Posted By: kasim kzm

സുദീപ്   തെക്കേപ്പാട്ട്
കോഴിക്കോട്: സാമ്രാജ്യത്വശക്തിയായ അമേരിക്കയും റഷ്യയും ഇറാഖും ചേര്‍ന്ന് ഒരു രാജ്യത്തെ കുരുതിക്കളമാക്കുന്ന സത്യം അപ്പാടെ പകര്‍ത്തിയ അറേബ്യന്‍ ചിത്രം ‘ഇന്‍ സിറിയ’, സിനിമയുടെ സാമൂഹികദൗത്യം നിറവേറ്റി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ അന്തസ്സ് ഉയര്‍ത്തി.
വിമതപോരാളികളുടെയും ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിന്റെ മൗനാനുവാദത്തോടെ എണ്ണഖനികള്‍ ലക്ഷ്യമിട്ട് കുത്തക രാജ്യങ്ങള്‍ നടത്തുന്ന സായുധ പോരാട്ടത്തിലും ബോംബാക്രമണത്തിലും ജീവനും ജീവിതവും നഷ്ടമാവുന്ന അതിദാരുണമായ സിറിയന്‍ പശ്ചാത്തലത്തിലാണ് ദമസ്‌കസിലെ ഒരു ഫഌറ്റ് കേന്ദ്രബിന്ദുവാക്കി, ‘ഇന്‍ സിറിയ’ ആരംഭിക്കുന്നത്.
മൂന്നു മക്കളുടെ മാതാവും കുടുംബിനിയുമായ ഊം യാസാന്‍ വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഏതു നിമിഷവും ബോംബ് വര്‍ഷിക്കപ്പെട്ട്, ഒളിപ്പോരാളികളുടെ തോക്കിനിരയാക്കപ്പെട്ട് നശിച്ചുപോകുന്ന തന്റെ കുടുംബത്തെ രക്ഷിക്കുകയെന്ന അതിസാഹസം. ഒരു ഭാഗത്ത് ഭരണവര്‍ഗം, മറുവശത്തു വിമതരും പോരാളികളും കൊള്ളക്കാരും. അതിനിടെ ഊം യാസാന്റെ ഫഌറ്റിലേക്ക് പിഞ്ചുകുഞ്ഞുമായി അഭയംതേടി എത്തുകയാണ് ഹാലിമയും ഭര്‍ത്താവും. പലയാന വഴികള്‍ തേടി പുറത്തുപോയ ഹാലിമയുടെ ഭര്‍ത്താവ് ഒളിപ്പോരാളികളുടെ വെടിയേറ്റു വീഴുന്ന കാഴ്ച ഊം യാസാന്റെ വേലക്കാരി ദെല്‍ഹാനിയുടെ മനോനില തകരാറിലാക്കി. ബോബുകളും ഷെല്ലുകളും വെടിയൊച്ചകളും ദീനരോദനങ്ങളും കൊണ്ടു മുഖരിതമായ അന്തരീക്ഷത്തില്‍ ഫഌറ്റിന് പുറത്തിറങ്ങാതെ ഊം യാസാനും കുടുംബവും നാളുകള്‍ തള്ളിനീക്കുന്നതിനിടെ ഹാലിമ ബലാല്‍സംഗത്തിനിരയായി. അതിനിടെ മരിച്ചെന്നു കരുതിയ ഹലീമയുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന വിവരം ഇവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. സുരക്ഷിത സ്ഥാനത്തേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യാനുള്ള ആത്മസുഹൃത്തിന്റെ ഉപദേശം ചെവിക്കൊള്ളാന്‍ ഊം യാസാന് കഴിയാത്തിടത്ത് ഫിലിപ്പീ വാന്‍ ല്യൂ സംവിധാനം ചെയ്ത ‘ഇന്‍ സിറിയ’ക്ക് തിരശ്ശീല വീഴുന്നു.
കെ പി ശ്രീകൃഷ്ണന്റെ ‘നായിന്റെ ഹൃദയ’വും കെ ജി ജോര്‍ജിന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററിയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss