|    Mar 23 Thu, 2017 6:01 am
FLASH NEWS

ലോക പരിസ്ഥിതി ദിനാചരണം; കൊളവള്ളിയില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും

Published : 4th June 2016 | Posted By: SMR

കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ രാവിലെ 9ന് മരത്തൈകള്‍ നട്ടുപടിപ്പിച്ച് മന്ത്രി ഡോ. ടി എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത ‘ഓര്‍മ മരം’ പദ്ധതിയില്‍ സ്വീപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി ആസൂത്രണം ചെയ്തത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി വച്ച് പിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ജില്ലാ ഭരണകൂടം, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, എച്ച്ഡി കോട്ട എംഎല്‍എ ചിക്ക് മാതു ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മൈസൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിമള ശ്യാംസുന്ദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, സബ് കലക്ടര്‍ ശീറാം സാംബശിവ റാവു, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് തിരുപ്പതി സംബന്ധിക്കും.
ഹരിത വയനാടിനായി ജനങ്ങള്‍ അണിചേരണം: ജില്ലാ കലക്ടര്‍
കല്‍പ്പറ്റ: ഹരിത വയനാടിനായി പൊതുജനങ്ങള്‍ അണിചേരണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ഇത്തവണ വിപുലമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്.
പശ്ചിമഘട്ടത്തിലെ പ്രധാന ഭൂ മേഖലയായ വയനാടിന്റെ തനത് കാലാവസ്ഥ നിലനിര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഓര്‍മ മരം എന്ന പേരില്‍ 10 ലക്ഷം മരത്തൈകള്‍ നട്ട് പിടിപ്പിക്കുന്ന ഉദ്യമത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണം. പൊതുസ്ഥലങ്ങള്‍, പുരയിടം, കൃഷിയിടം എന്നിവിടങ്ങളില്‍ പരിസ്ഥിതി ദിനത്തില്‍ ഒരു മരത്തൈയെങ്കിലും നട്ട് പിടിപ്പിക്കാന്‍ ഏവരും ശ്രമിക്കണം. വരും കാലത്തിനായി ഇതൊരു വരമാകും. മരുവല്‍കരണത്തില്‍ നിന്നും നാടിനു മോചനമാകും. വനം വകുപ്പ് നഴ്‌സറി, അമ്പലവയല്‍ ആര്‍എആര്‍എസ് എന്നിവിടങ്ങളിലായി വിവിധ വൃക്ഷത്തൈകള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്.
സ്വീപ്പിന്റെ ഭാഗമായി പോളിങ് ബൂത്തില്‍ നിന്ന് ടോക്കണ്‍ ലഭിച്ചവര്‍ക്ക് അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നിന്നും സൗജന്യമായി തൈകള്‍ ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ജൂണ്‍ അഞ്ച് നിര്‍ബന്ധിത പ്രവൃത്തിദിനമല്ല
കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നിര്‍ബന്ധിത പ്രവൃത്തിദിനമല്ലെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.
പ്രകൃതി സംരക്ഷണത്തിനുള്ള പദ്ധതിയുടെ വിജയത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സഹകരണം ആവശ്യമായതിനാല്‍ സാധ്യമാകുന്നവര്‍ അവരവരുടെ ഓഫിസുകളില്‍ ഹാജരായി വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

(Visited 66 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക