|    Nov 15 Thu, 2018 1:02 am
FLASH NEWS

ലോക പരിസ്ഥിതി ദിനം : പ്രകൃതിയുടെ പച്ചപ്പിന് ഇന്ന് നാട് കൈകോര്‍ക്കും

Published : 5th June 2017 | Posted By: fsq

 

കാസര്‍കോട്: ലോകപരിസ്ഥിതി ദിനമായ ഇന്ന് പ്രകൃതിയുടെ പച്ചപ്പിന്ന് നാട് കൈകോര്‍ക്കും. വിവിധ സംഘടനകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും നേതൃത്വത്തില്‍ ഇന്ന് വൃക്ഷതൈകള്‍ നടും. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഈ ദിനം ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. മനുഷ്യനെ പ്രകൃതിയുമായി കണ്ണിചേര്‍ക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. സാമൂഹിക വനവല്‍ക്കരണ വിഭാഗം നാലരലക്ഷത്തോളം വൃക്ഷതൈകളാണ് തയ്യാറാക്കിയിട്ടുള്ളത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വേറെയും മരത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളിലും മറ്റു സന്നദ്ധ സംഘടനകളുടേ നേതൃത്വത്തിലും വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കും. മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000 വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കും. അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പിനെ തിരിച്ചുകൊണ്ടുവരാനും അതുവഴി പ്രകൃതിയിലേക്ക് മടങ്ങാനുമുള്ള സംവിധാനമാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വൃക്ഷങ്ങളില്ലാത്തതിനാല്‍ കാലാവസ്ഥയില്‍പോലും കാര്യമായ വ്യതിയാനങ്ങള്‍ വന്ന സാഹചര്യത്തില്‍ പ്രകൃതിയുമായി കൂട്ടുകൂടാന്‍ കൂടുതല്‍ സംവിധാനങ്ങളാണ് ഭരണകൂടങ്ങളും ഒരുക്കിയിട്ടുള്ളത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തപ്പറ്റി കൂടുതല്‍ പഠിക്കാനും അവ പ്രാവര്‍ത്തികമാക്കാനുമാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. വികസനത്തിന്റെ പേരില്‍ നാട്ടിലെ മരങ്ങളും മറ്റും മുറിച്ചുമാറ്റുന്നതോടെ പ്രകൃതിയോടുള്ള ചൂഷണത്തിനുള്ള മറുപടി കൂടിയാണ് പരിസ്ഥിതിദിനം. ഈ ദിനത്തില്‍ ജനങ്ങള്‍ കൈകോര്‍ത്ത് ഭൂമിയുടെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലാ സാമൂഹികവനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതിദാനാഘോഷത്തിതന്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളില്‍ ഇന്ന്് രാവിലെ 11.30ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജൈവവൈവിധ്യപാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. 2016ലെ വനമിത്രപുരസ്‌കാര ജേതാവ് പി വി ദിവാകരന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പുരസ്‌കാരം നല്‍കും. എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ സംബന്ധിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക-രക്ഷാകര്‍തൃ പ്രതിനിധികള്‍ സംബന്ധിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ പരിസ്ഥിതി വിദ്യാഭ്യാസ സന്ദേശം നല്‍കും. സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 9.30ന് കൊയങ്കര മുതല്‍ ഉദിനൂര്‍ സെന്‍ട്രല്‍ വരെ നടക്കുന്ന ഹരിതകേരളം മാലിന്യമുക്ത സന്ദേശം സൈക്കിള്‍റാലി പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി സി ഫൗസിയ ഫഌഗ് ഓഫ് ചെയ്യും. വൃക്ഷതൈ വിതരണം, വൃക്ഷതൈ നടീല്‍, ജലസ്രോതസ് ശുചീകരണം, ക്ലാസിനൊരു മരം, കുഞ്ഞുകരംകൊണ്ടൊരു തണല്‍ തുടങ്ങിയ പരിപാടികളും പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss