|    Jan 17 Tue, 2017 12:29 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോക കപ്പ് യോഗ്യത: സിറിയക്കെതിരേ ഖത്തറിന് ആശ്വാസ ജയം

Published : 13th October 2016 | Posted By: SMR

ദോഹ: റഷ്യന്‍ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളുടെ അവസാന  റൗണ്ടില്‍ ഖത്തറിന് ആശ്വാസജയം. ദോഹയിലെ ജാസിംബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ചൊവാഴ്ച രാത്രി  നടന്ന  മല്‍സരത്തില്‍ സിറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. മൂന്നാം റൗണ്ടില്‍ നിന്നു നേരിട്ട് യോഗ്യത നേടണമെങ്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തണം. നിലവില്‍ ഖത്തറിന് അത്തരമൊരു സാധ്യത വളരെ വിരളമാണ്.
എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയാല്‍ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാം. ആദ്യപകുതിയിലെ 37ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹെയ്‌ദോസ് പെനല്‍റ്റിയിലൂടെ നേടിയ ഗോളിനാണ് ഖത്തര്‍ സിറിയയെ മറികടന്നത്. ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഖത്തര്‍ പോയിന്റ് പട്ടികയിലും ഇടംനേടി. ആറു രാജ്യങ്ങളുള്ള ഗ്രൂപ്പ് എ യില്‍ നാലു മല്‍സരങ്ങള്‍ വീതം ടീമുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചൈനയെ മറികടന്ന് അഞ്ചാമതെത്താനും ഖത്തറിനായി.
ഒരു സമനിലയും മൂന്നു തോല്‍വിയുമായി കേവലം ഒരു പോയിന്റാണ് ചൈനയ്ക്കുള്ളത്. മൂന്നു വിജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ ഇറാനാണ് ഒന്നാമത്. മൂന്നു വിജയവും ഒരു തോല്‍വിയുമായി ഉസ്ബക്കിസ്താന്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കൊറിയയ്ക്ക് രണ്ടു വിജയവും ഒന്നുവീതം തോല്‍വിയും സമനിലയുമായി ഏഴു പോയിന്റ്. നാലാം സ്ഥാനത്തുള്ള സിറിയയ്ക്ക് ഒരു വിജയവും ഒരു സമനിലയും രണ്ടുതോല്‍വിയുമായി നാലു പോയിന്റ്. മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്കാണ് പ്ലേ ഓഫ് യോഗ്യത.
തിങ്ങിനിറഞ്ഞ  സ്റ്റേഡിയത്തില്‍ കാണികളുടെ പൂര്‍ണപിന്തുണയോടെയാണ് ഖത്തര്‍ പന്ത് തട്ടിയത്. ഇറാന്‍, ഉസ്ബക്കിസ്താന്‍, ദക്ഷിണ കൊറിയ ടീമുകള്‍ക്കെതിരായ പരാജയം മറക്കാനും അടുത്ത മല്‍സരങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കാനും ഖത്തറിന് ഈ വിജയം ഉണര്‍വ് പകരും. ഖത്തറിന്റെ മൂന്നു താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ട മല്‍സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. സിറിയന്‍ഗോള്‍ മുഖത്ത് തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തിയ ക്യാപ്റ്റന്‍ ഹെയ്‌ദോസ് മികച്ച പ്രകടനം പുറത്തെടുത്തു. സെബാസ്റ്റ്യന്‍ സോറിയ രണ്ടു മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഖത്തറിന്റെ വിജയമാര്‍ജിന്‍ ഇതിലും ഉയരുമായിരുന്നു. നവംബര്‍ 15ന് ചൈനയിലെ കുന്‍മിങ് തുഡോങില്‍ ചൈനയ്‌ക്കെതിരെയാണ് ഖത്തറിന്റെ അടുത്ത മല്‍സരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക