|    Mar 26 Sun, 2017 1:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോക കപ്പ്: മദ്യം അക്രമത്തിന് കാരണമാവാനുള്ള സാധ്യത ഖത്തര്‍ പഠിക്കുന്നു

Published : 7th August 2016 | Posted By: SMR

ദോഹ: അക്രമത്തിനും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാവാനുള്ള സാധ്യത വിലയിരുത്തി 2022ലെ ലോക കപ്പ് സമയത്ത് മദ്യത്തിന്റെ ലഭ്യത നിയന്ത്രിക്കുന്ന കാര്യം ഖത്തര്‍ പരിഗണിക്കുന്നു.
ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ നിരവധി അക്രമങ്ങള്‍ അഴിച്ചു വിട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്ന വേദികള്‍ക്കരികില്‍ മദ്യം നിരോധിക്കാന്‍ ഫ്രാന്‍സ് തീരുമാനമെടുത്തതിന് പിന്നാലെയാണ് തങ്ങളും ഇക്കാര്യം  പഠന വിധേയമാക്കുന്നതായി ഖത്തര്‍ ലോക കപ്പ് സംഘാടക സമിതി പ്രഖ്യാപിച്ചത്. യൂറോ 2016 വേദികള്‍ ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസിയിലെ നിരവധി അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ഖാത്തിറിന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.
റിയോ ഒളിംപിക്‌സ് വേദിയിലേക്കുള്ള യാത്രയ്ക്കിടെ അല്‍ഖാതിര്‍ ഇതേക്കുറിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. ഫ്രാന്‍സിലെ ഫുട്‌ബോള്‍ വേദികള്‍ക്ക് സമീപം അക്രമം നടന്ന ഉടനെ പലരും പ്രതികരിച്ചത് മദ്യം നിരോധിക്കുന്നതിനെ കുറിച്ചായിരുന്നു.
സ്‌റ്റേഡിയങ്ങള്‍ക്കരികില്‍ കളിക്ക് 24 മുതല്‍ 48 മണിക്കൂര്‍ മുമ്പും കളിക്കിടയിലും മദ്യ വില്‍പ്പന നിരോധിക്കണമെന്നായിരുന്നു ആവശ്യം. മദ്യം അക്രമത്തിന് പ്രോല്‍സാഹനം നല്‍കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതു കൊണ്ട് തന്നെ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്.
2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പ് അക്രമ രഹിതമായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യത്തിന് കര്‍ശന നിയന്ത്രണമുള്ള ഖത്തറില്‍ ലോക കപ്പ് സമയത്ത് വിവിധ രാജ്യങ്ങളില്‍ നിന്ന് കളി കാണാനെത്തുന്നവരുടെ ആവശ്യത്തെ എങ്ങനെ തൃപ്തിപ്പെടുത്തുമെന്ന കാര്യം നേരത്തേ ചര്‍ച്ചയായിരുന്നു. മദ്യം ലഭ്യമാകുന്ന പ്രത്യേക ഫാന്‍ സോണുകള്‍ സൃഷ്ടിക്കുന്ന കാര്യം സംഘാടകര്‍ നേരത്തേ ചര്‍ച്ച ചെയ്തിരുന്നു.
ടൂര്‍ണമെന്റ് സമയത്ത് മദ്യപാനികളും വഴക്കാളികളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ മൃദുവായി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കുന്ന കാര്യവും സംഘാടക സമിതി സൂചിപ്പിച്ചിരുന്നു.
ഖത്തറില്‍ ലൈസന്‍സുള്ള ബാറുകളിലും ക്ലബ്ബുകളിലും മദ്യപിക്കുന്നത് അനുവദനീയമാണെങ്കിലും പൊതു സ്ഥലത്ത് മദ്യപിക്കുന്നത് ഗുരുതര കുറ്റമാണ്.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക