|    Nov 22 Thu, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക കപ്പ് പ്ലേ ഓഫ് മല്‍സരം : വരാനിരിക്കുന്നത് അസൂറിപ്പടയില്ലാത്ത ലോകകപ്പോ?..

Published : 11th November 2017 | Posted By: fsq

 

സ്‌റ്റോക്ക്‌ഹോം: അറുപത് വര്‍ഷമായി ലോകകപ്പിലെ സ്ഥിരസാന്നിധ്യമാണ് അസൂറിപ്പടയെന്ന് വിളിപ്പേരുള്ള ഇറ്റലി. നാല് തവണ ലോക കിരീടം നെഞ്ചോട് ചേര്‍ക്കാനും രണ്ട് തവണ റണ്ണേഴ്‌സ് അപ്പ് ജേതാക്കളാവാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ വരുന്ന റഷ്യന്‍ലോകകപ്പില്‍ ഇറ്റലിക്ക് യോഗ്യത നേടാന്‍ ഇനി കഠിനാധ്വാനം കൂടിയേ തീരൂ. ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ടുള്ള ആദ്യ പാദ പ്ലേ ഓഫ് മല്‍സരത്തില്‍ ഇന്ന് ഇറ്റലി സ്വീഡനെതിരേ ബൂട്ട് കെട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരക്ക് സ്‌റ്റോക്ക്‌ഹോമിലെ ഫ്രണ്ട്‌സ് അരീനയിലാണ് ഇരു ടീമുകളും മുഖാമുഖമെത്തുന്നത്. ഗ്രൂപ്പ്ഘട്ട മല്‍സത്തില്‍ സ്‌പെയിന് പിന്നിലായിപ്പോയതിനാലാണ് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം പ്ലേഓഫില്‍ കളിക്കാന്‍ ഇറ്റലിയെ നിര്‍ബന്ധിതമാക്കിയത്. ഗ്രൂപ്പ് ജിയില്‍ 23 പോയിന്റുമായി സ്‌പെയിനിന് പിന്നിലാണ് ഇറ്റലിയുള്ളത്. പത്ത് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇറ്റലിക്കുളളത്. അതേ സമയം ഗ്രൂപ്പില്‍ മുന്നിലുള്ള സ്‌പെയിന്‍ ഒമ്പത് ജയവും ഒരു സമനിലയുമടക്കം 28 പോയിന്റുകളാണുളളത്. അതിനാല്‍ ഇന്നത്തെ മല്‍സരം ഇറ്റലിക്ക് നിര്‍ണായകമാണ്. ഈലോകപ്പില്‍ കൂടി കളിച്ചശേഷം അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയാനാണ് ഇറ്റാലിയന്‍ ക്യാപ്റ്റനും ഗോള്‍വലയ്ക്കു കീഴിലെ ഇതിഹാസ താരവുമായ ജിയാന്‍ലൂജി ബഫണ്‍ തയ്യാറെടുക്കുന്നത്. അതിനാല്‍ ഇന്നത്തെ മല്‍സരത്തില്‍ ഇറ്റലിക്ക് ജയിച്ചേ തീരൂ. 1998നുശേഷം ഇറ്റലി സ്വീഡനോടു പരാജയം രുചിച്ചിട്ടില്ല. കഴിഞ്ഞ യൂറോകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇറ്റലിക്കൊപ്പം തന്നെയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അന്ന് ഇറ്റലി സ്വീഡനെ മുട്ടുകുത്തിച്ചത്.അര്‍ജന്റീനന്‍ ദേശീയ ടീം നേരിടുന്നതു പോലൊരു പ്രശ്‌നം നിലവില്‍ ഇറ്റാലിയന്‍ ടീമും നേരിടുന്നുണ്ട്. ക്ലബ്ബ് ജെഴ്‌സികളില്‍ മിന്നിത്തിളങ്ങുന്ന താരനിര പക്ഷേ ദേശീയ ടീമിന്റെ കുപ്പായത്തില്‍ കാലിടറി വീഴുന്നു.  മിഡ്ഫീല്‍ഡര്‍മാരായ മാര്‍ക്കോ വെറാറ്റി, ലോറന്‍സോ ഇന്‍സൈന്‍ എന്നിവര്‍ ക്ലബ്ബുകളില്‍ പുറത്തെടുക്കുന്ന പ്രകടനത്തിന്റെ അടുത്തെത്തുന്നില്ല. മുന്നേറ്റനിരയിലെ കുന്തേറ്റമുനകളായ ആന്ദ്രെ ബെലോട്ടിയും സിറോ ഇമ്മലും ഫിറ്റ്‌നസ് പ്രാപിക്കാത്തതും കോച്ച് ജിയാന്‍വെന്റൂറയെ അലട്ടുന്നുണ്ട്. അതേ സമയം അസൂറിപ്പടയെ ഇതുവരെ തളയ്ക്കാന്‍ കഴിയാത്ത പ്രശ്‌നമാണ് സ്വീഡനുള്ളത്. അവരുടെ ലോകോത്തര താരം ഇബ്രാഹിമോവിച്ച് വിരമിച്ചതിന് ശേഷം അതേ പ്രതിഭയുള്ള ഒരു താരം രാജ്യത്തു നിന്നുയര്‍ന്നു വരാത്തതും കോച്ച് ജെന്നി ആന്‍ഡേഴ്‌സണെ അലട്ടുന്നുണ്ട്. സ്‌ട്രെക്കര്‍ ജോണ്‍ഗ്വിഡിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധ താരം വിക്ടര്‍ലെന്‍ഡലോഫ് എന്നിവരിലാണ് കോച്ച് പ്രതീക്ഷയര്‍പ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss