|    Nov 20 Mon, 2017 5:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്‌ : പി യു ചിത്രയെ ഒഴിവാക്കിയ വിഷയം പാര്‍ലമെന്റില്‍

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍നിന്നു പി യു ചിത്രയെ ഒഴിവാക്കിയ വിഷയം പാര്‍ലമെന്റില്‍. രാജ്യസഭയുടെ ശൂന്യവേളയില്‍ സിപിഎം അംഗം കെ സോമപ്രസാദാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. കായിക താരങ്ങളുടെ സെലക്്്ഷനില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പക്ഷപാതപരമായി പെരുമാറിയെന്നും സ്വര്‍ണമെഡല്‍ ജേതാവായ പി യു ചിത്രയെ അന്യായമായാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും സോമപ്രസാദ് സഭയില്‍ വ്യക്തമാക്കി. ടീമുകളെ തിരഞ്ഞെടുത്തതില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സോമപ്രസാദ് ആരോപിച്ചു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍ ജേതാവായ പി യു ചിത്രയെ ഒഴിവാക്കി. വിഷയത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഇതുവരെ തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. ഗുണ്ടൂരില്‍ നടന്ന സെലക്ഷന്‍ മീറ്റില്‍ ചിത്ര യോഗ്യത നേടിയില്ലെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ വാദം. എന്നാല്‍, ഫെഡറേഷന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ മറ്റു രണ്ട് അത്‌ലറ്റുകളും സെലക്ഷന്‍ ടെസ്റ്റില്‍ പോലും ഹാജരാവാത്തവരാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.നിലവിലെ ചട്ടം അനുസരിച്ച് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ ചിത്ര ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹയാണ്. സെലക്ഷന്‍ ടെസ്റ്റില്‍ പങ്കെടുത്തില്ലെങ്കില്‍തന്നെ ചിത്രയ്ക്ക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാവുന്നതാണ്. വിഷയം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണു നിര്‍ദേശിച്ചത്. എന്നാല്‍, അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചതും ചിത്ര ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ ധാര്‍മികതയില്ലാത്ത പ്രവൃത്തികളാണ് ഇതിനു കാരണമായത്. സെലക്ഷനുള്ള നടപടികളെല്ലാംതന്നെ ആസൂത്രിതവും നാടകീയവുമായാണ് നടന്നത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ 26 അത്‌ലറ്റുകളും 16 ഒഫീഷ്യലുകളുമാണുള്ളത്. ഇതില്‍ 12 പേര്‍ റിലേ ടീമിലെ അത്‌ലറ്റുകളാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പോയവരില്‍ അരഡസന്‍ പേരും സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്തവരാണെന്നു മനസ്സിലാവുമെന്നും സോമപ്രസാദ് ചൂണ്ടിക്കാട്ടി.  കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സോമപ്രസാദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക