|    Nov 24 Fri, 2017 2:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്‌ : ലണ്ടനില്‍ വേഗ രാജാവ് ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍

Published : 7th August 2017 | Posted By: fsq

 

ലണ്ടന്‍: ട്രാക്കില്‍ വേഗതകൊണ്ട് ചരിത്രമെഴുതിയ ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണം അണിഞ്ഞുള്ള വിടവാങ്ങലിന് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ തന്നെ ക്രിസ്റ്റിയന്‍ കോള്‍മാനാണ് രണ്ടാമതെത്തിയത്. 2006ല്‍ ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിടേണ്ടി വന്ന ഗാറ്റ്‌ലിന്‍ ഐതിഹാസിക തിരിച്ചുവരാണ് ലണ്ടനില്‍ നടത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. കോള്‍മാന്‍ 9.94 സെക്കന്റ് സമയമെടുത്തപ്പോള്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. ഹീറ്റ്‌സില്‍ 10.09 സെക്കന്റിലും സെമിയില്‍ 9.98 സെക്കന്റിലുമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. തന്റെ അവസാല ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടി ട്രാക്കിനോട് വിടവാങ്ങാമെന്നുള്ള ബോള്‍ട്ടിന്റെ മോഹങ്ങള്‍ വെങ്കലമെഡലില്‍ അവസാനിച്ചു. ഇനി 4*100 മീറ്റര്‍ റിലേ മാത്രമാണ് ബോള്‍ട്ടിന് മുന്നിലുള്ളത്. തുടക്കം പിഴച്ചതാണ് ഐതിഹാസിക താരത്തിന്റെ അവസാന 100 മീറ്റര്‍ മല്‍സരം നഷ്ടപ്പെടുത്തിയത്. ഫിനിഷിങിലേക്ക് ഗംഭീരമുന്നേറ്റം നടത്തിയെങ്കിലും മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനെ താരത്തിന് സാധിച്ചുള്ളൂ. അതേസമയം, വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് മല്‍സരശേഷം ജമൈക്കന്‍ ഇതിഹാസം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക