|    Oct 18 Wed, 2017 1:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താം

Published : 6th October 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം സപ്തംബറില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംയുക്തമായി നടത്താമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. ഇതിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജമാണെന്ന് കമ്മീഷന്‍ അംഗമായ ഒ പി റാവത്ത് പറഞ്ഞു. ഇറോ നെറ്റ് സോഫ്റ്റ്‌വെയര്‍ പുറത്തിറക്കിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംയുക്ത തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാണെന്നും സര്‍ക്കാര്‍ അതിനായുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റാവത്ത് പറഞ്ഞു. പാര്‍ലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനും വാങ്ങേണ്ടതുണ്ട്. ഇതിനായി 40 ലക്ഷം വോട്ടിങ് യന്ത്രങ്ങളാണ് വേണ്ടിവരുക. ഇത്രയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് 3,400 കോടിയും വിവിപാറ്റ് ഘടിപ്പിക്കുന്നതിന് 12,000 കോടി രൂപയും തിരഞ്ഞെടുപ്പു കമ്മീഷന് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന ആവശ്യം മുന്നോട്ടുവച്ചത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിരുന്നു. എന്നാല്‍, മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സംയുക്തമായി തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഭരണകാലാവധി കുറയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക