|    Jul 24 Mon, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക്‌സഭയില്‍ ഹാജര്‍ : കൂടുതല്‍ ദീര്‍ഘകാല അവധി എടുത്തത് ബിജെപി എംപിമാര്‍

Published : 14th July 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ലോക്‌സഭയില്‍ ഹാജരാവാതെ ഏറ്റവും അധികം ദീര്‍ഘകാല അവധി എടുത്തത് ബിജെപി എംപിമാര്‍. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ 16ാം ലോക്‌സഭ ഇതുവരെ 230 ദിവസമാണ് സമ്മേളിച്ചത്. ഇതിനിടയില്‍ 46 പേരാണ് ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയത്.  ലോക്‌സഭയിലെ 34 എംപിമാരില്‍ നിന്നാണ് ഇതുവരെ 46 അവധിക്കുള്ള അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. സഭയില്‍ ഹാജരാവാതിരിക്കാനുള്ള അവധിക്ക് അപേക്ഷ നല്‍കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി എംപിമാരാണ്. 46ല്‍ 18 പേരും ബിജെപി അംഗങ്ങളാണ്. ബിജെപിക്ക് പിന്നാലെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് രണ്ടാം സ്ഥാനത്ത്. തൃണമൂലിലെ ഒമ്പത് അംഗങ്ങളാണ് ഇക്കാലയളവില്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. മൂന്നാംസ്ഥാനത്ത് നാല് അപേക്ഷകളുമായി കോണ്‍ഗ്രസാണ്. എന്‍സിപിയില്‍ നിന്ന് മൂന്ന് എംപിമാരും പിഡിപിയുടെ രണ്ട് അംഗങ്ങളുമാണ് യഥാക്രമം തൊട്ടുപിറകെയുള്ളത്. ഇന്ത്യന്‍ ഭരണഘടനയിലെ ചട്ടം 101 പ്രകാരം ഒരു എംപി തുടര്‍ച്ചയായി 60 ദിവസം അനുമതി കൂടാതെ സഭയില്‍ ഹാജരാവാതിരുന്നാല്‍ സഭയ്ക്ക് അദ്ദേഹത്തിന്റെ സീറ്റ് ഒഴിവുള്ളതായി പ്രഖ്യാപിക്കാം. അംഗങ്ങള്‍ക്ക് വ്യക്തമായ കാരണം ബോധിപ്പിച്ച് സഭാധ്യക്ഷന് അവധിക്കുള്ള അപേക്ഷ നല്‍കാം. എന്നാല്‍, ഒരു അപേക്ഷയില്‍ 60 ദിവസത്തില്‍ അധികം അവധി ലഭിക്കില്ല. സ്പീക്കര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ ലോക്‌സഭയിലെ അംഗങ്ങളുടെ അവധി സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൈമാറും. ഈ കമ്മിറ്റി യോഗം ചേര്‍ന്നാണ് ഓരോ അപേക്ഷകളിലും തീരുമാനം എടുക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഒരിക്കലും കമ്മിറ്റി നിരസിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. സിപിഎം അംഗം പി കരുണാകരനാണ് നിലവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. ഇതുവരെ ലഭിച്ച 46 അപേക്ഷകളില്‍ 26ഉം കാരണമായി കാണിച്ചിരിക്കുന്നത് അസുഖമാണ്. 26ല്‍ ഒരു ബിജെപി എംപി കുടുംബാംഗത്തിന്റെ രോഗം കാരണമാണ് ലീവെടുത്തിരിക്കുന്നത്. ബാക്കി 25 പേരും വ്യക്തിപരമായ രോഗകാരണങ്ങളാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷകളില്‍ ഒമ്പതു പേരുടെ കാരണം തങ്ങളുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പാണ്. രണ്ടു പേര്‍ മണ്ഡലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണു ദീര്‍ഘകാല ലീവിന് അപേക്ഷിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിജെഡി എംപിയാണ് ഏറ്റവും കൂടുതല്‍ ദിവസത്തെ ലീവിന് അപേക്ഷിച്ചിരിക്കുന്നത്, 228 ദിവസം. തൊട്ടുപിറകെ ബിജെപി എംപി ചന്ദ് നാഥാണ്. 140 ദിവസത്തെ അവധിക്കാണ് അദ്ദേഹം അപേക്ഷിച്ചത്. ബിജെപി എംപി ഹേമമാലിനി വിദേശയാത്രയ്ക്കായാണ് ദീര്‍ഘകാല ലീവെടുത്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക