|    Jun 29 Thu, 2017 12:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോക്‌സഭയില്‍ സ്പീക്കറുടെ ‘മുഖം കാണിക്കല്‍’ വിവാദമായി; മാപ്പുപറഞ്ഞു തടിയൂരി

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് വിഷയത്തി ല്‍ പ്രതിപക്ഷം സമരം നടത്തുന്നത് ചാനലില്‍ മുഖം കാണിക്കാനാണോ എന്ന ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പരാമര്‍ശം വിവാദമായി. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ടിവിയില്‍ മുഖം കാണിക്കാനുള്ള അഭ്യാസമാണോയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ പ്രതിപക്ഷ പ്രതിഷേധം ഒന്നുകൂടി ആളിക്കത്തി. തുടര്‍ന്ന് സുമിത്ര മഹാജന്‍ മാപ്പുപറഞ്ഞ് തടിയൂരി.
ലോക്‌സഭ ഇന്നലെ ചേര്‍ന്നയുടനെ തന്നെ  കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു. ഇതിനുശേഷം ഉടന്‍ തന്നെ നോട്ട് വിഷയത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്ന് തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ ആവശ്യപ്പെട്ടു. എന്നാല്‍, സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയില്ല.
ഇതേത്തുടര്‍ന്ന് തൃണമൂല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ചേംബറിനു മുന്നില്‍ നിരന്നുനിന്ന് മുദ്രാവാക്യം വിളിച്ചു. സഭ നടത്തിക്കൊണ്ടുപോവാന്‍ അനുവദിക്കണമെന്ന പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറിന്റെ വാക്കുകള്‍ പ്രതിപക്ഷം ചെവികൊണ്ടില്ല. ചോദ്യോത്തരവേള തുടരാന്‍ അനുവദിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം തള്ളിയ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ച് നടുത്തളത്തില്‍ നിലയുറപ്പിച്ചു. ഇതിനിടെയാണ്, നിങ്ങള്‍ ടിവിയില്‍ മുഖം കാണിക്കാന്‍ ശ്രമിക്കുകയാണോ, അങ്ങനെയെങ്കില്‍ താന്‍ ലോക്‌സഭ ടിവിയോട് അപ്രകാരം ആവശ്യപ്പെടാമെന്ന് സ്പീക്കര്‍ പറഞ്ഞത്. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ഇതോടെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കടുത്ത ഭാഷയില്‍ തന്നെ, തങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി മാത്രം ജനിച്ചവരല്ലെന്നു സ്പീക്കര്‍ക്ക് മറുപടിയും നല്‍കി.
രാജ്യത്തെ സ്ഥിതി അത്യന്തം ആശങ്കാജനകമാണ്. ജനങ്ങള്‍ മരിക്കുന്നു. ചര്‍ച്ചയില്‍നിന്നു മാറിനില്‍ക്കുന്നതില്‍ പ്രധാനമന്ത്രി ലജ്ജിക്കണമെന്നും ഖാ ര്‍ഗെ പറഞ്ഞു. ബഹളത്തിനിടെയും സ്പീക്കര്‍ ചോദ്യോത്തരവേള തുടര്‍ന്നു. ഇതോടെ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കി. സാമ്പത്തിക അടിയന്തരാവസ്ഥ എന്നെഴുതിയ കറുത്ത പ്ലക്കാര്‍ഡുകളുമേന്തിയാണ് തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഇതോടെ സ്പീക്കര്‍ സഭ 10 മിനിറ്റ് നേരത്തേക്ക് പിരിച്ചുവിട്ടു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ ബഹളം രൂക്ഷമായി. തുടര്‍ന്ന് ഉച്ചയ്ക്കു മുമ്പായി ഒരുവട്ടം കൂടി സഭ പിരിഞ്ഞു.
ഉച്ചയ്ക്കു ശേഷം സഭ ചേര്‍ന്നപ്പോള്‍ നോട്ട് വിഷയത്തില്‍ ചര്‍ച്ച വേണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും നടുത്തളത്തിലിറങ്ങി. പ്രതിഷേധം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ സഭ ഇന്നലത്തേക്കു പിരിച്ചുവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക