|    Oct 22 Mon, 2018 1:55 pm
FLASH NEWS
Home   >  Kerala   >  

ലോക്കി റാന്‍സംവെയര്‍ ആക്രണത്തിനെതിരേ ജാഗ്രതാ നിര്‍ദേശം

Published : 8th September 2017 | Posted By: shadina sdna


കണ്ണൂര്‍: ലോകത്തുടനീളം ലോക്കി റാന്‍സംവെയര്‍ എന്ന പേരിലുള്ള സൈബര്‍ ആക്രമണം വ്യാപിക്കുന്ന
സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ചെര്‍മാനായ ജില്ലാ ഈഗവേണന്‍സ് സൊസൈറ്റിയുടെ കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.ഇത്തരം വൈറസുകളുടെ ആക്രമണമുണ്ടായാല്‍ ഫയലുകള്‍ ‘.Lukitus’ അല്ലെങ്കില്‍ ‘.diablo6’ എന്നീ ഫയല്‍ എക്സ്റ്റഷനിലാണ് കാണപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ലോക്കി റാന്‍സംവെയര്‍ കണ്ടുവന്നത് ‘.locky’ എന്ന ഫയല്‍ എസ്റ്റന്‍ഷനിലൂടെയായിരുന്നു. സൈബര്‍ ആക്രമണത്തിന് ഇരയായിക്കഴിഞ്ഞാല്‍ ഡെസ്‌ക്‌ടോപ് ബാക്ക്ഗ്രൗണ്ട് മാറുകയും ‘lukitus.htm’ എന്ന ഫയല്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മോചനത്തിനായി ടോര്‍ ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ പറയുന്ന ‘.onion’ എന്ന ഡൊമെയിനുള്ള വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 5 ബിറ്റ്‌കോയിന്‍ (ഡിജിറ്റല്‍ പണം) നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മോചനദ്രവ്യം നല്‍കിയാല്‍ പോലും ആക്രമണത്തില്‍നിന്ന് മോചിതരാവാന്‍ സാധിച്ചെന്നുവരില്ല. നിലവില്‍ സ്പാം മെയിലില്‍ സിപ് ഫയലായി അറ്റാച്ച് ചെയ്താണ് ലോക്കി റാന്‍സംവെയര്‍ കാണപ്പെടുന്നത്. 23 മില്യണില്‍ പരം മെസേജുകള്‍ ഇത്തരത്തില്‍ അയച്ചതായാണു വിവരം. സാധാരണയായി ഇത്തരം സന്ദേശങ്ങളില്‍ കാണപ്പെടുന്നത് ‘please print’, ‘documents’, ‘photo’, ‘images’, ‘scans’ & ‘pictures’ എന്നീ പദങ്ങളാണ്. കൂടാതെ വെബ് ബ്രൗസറുകളില്‍ വ്യാജസന്ദേശങ്ങളായും ലോക്കി റാന്‍സംവെയര്‍ പ്രത്യക്ഷപ്പെടാം. ഉദാഹരണത്തിന് ‘you don’t have the Hoefler Text font’ എന്ന രൂപത്തില്‍ സന്ദേശം പ്രത്യക്ഷപ്പെടുകയും നിങ്ങളോട് അതില്‍കാണുന്ന അപ്‌ഡേറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനും നിര്‍ദേശിക്കും. ഇതിലൂടെയും സൈബര്‍ ആക്രമണത്തിന് ഇരയാവുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍, ഓപറേറ്റിങ് സിസ്റ്റം, വെബ് ബ്രൗസറുകള്‍, മറ്റ് അനുബന്ധ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണം. പരിചയമില്ലാത്ത ലിങ്കുകളോ ഇമെയില്‍ സന്ദേശങ്ങളോ സന്ദര്‍ശിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. ലിങ്കുകള്‍ ക്ലിക് ചെയ്ത് വെബ്‌സൈറ്റുളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കി നേരിട്ട് വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക. കംപ്യൂട്ടറുകളിലെ അതിപ്രധാനമായ വിവരങ്ങളുടെ ബാക്ക്അപ് സമയബന്ധിതമായി എടുത്തുവയ്ക്കുക. കഴിവതും സുരക്ഷിതമായ ഷെയര്‍ ഫോള്‍ഡറുകളിലോ അല്ലെങ്കില്‍ ക്ലൗഡ് ഡാറ്റ സര്‍വറിലോ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാം.
റിമോട്ട് ഡസ്‌ക്ടോപ് കണക്ഷനുകള്‍ വിച്ഛേദിക്കുക. വിശ്വാസയോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കുക. മൈക്രോസോഫ്റ്റ് ഓഫിസിലെ മാക്രോ ഓപ്ഷന്‍ നിര്‍ജീവമാക്കി വയ്ക്കുക. സൈബര്‍ ആക്രമണമുണ്ടായാല്‍ ജില്ലാ ഇഗവേണന്‍സ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമംഗങ്ങളായ ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, സ്‌റ്റേറ്റ് ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം മിഥുന്‍കൃഷ്ണ എന്നിവരുമായി ബന്ധപ്പെടാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss