|    Jul 28 Fri, 2017 4:21 am
FLASH NEWS

ലോക്കപ്പ് മര്‍ദനം; പോലിസ് കേസെടുത്തു

Published : 21st March 2017 | Posted By: fsq

 

മാനന്തവാടി: പരിശോധനയ്ക്കിടെ വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ച് ബലമായി കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദിച്ചതിനെതിരേ കേസ്. പുല്‍പ്പള്ളി പോലിസ് സ്‌റ്റേഷനില്‍ വച്ച് ഈ മാസം 13നാണ് തൊട്ടില്‍പ്പാലം ഓട്ടോരിക്കുന്നേല്‍ റോയി തോമസിനെ മര്‍ദിച്ചത്.
ലോക്കപ്പ് മര്‍ദനത്തില്‍ റോയിക്ക് സാരമായി പരിക്കേറ്റിരുന്നു. റോയിയെ കോടതിയുടെ നിര്‍ദേശപ്രകാരം മാനന്തവാടി ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ പുല്‍പ്പള്ളി പോലിസ് ജില്ലാ ആശുപത്രിയിലെത്തി റോയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതു പ്രകാരമാണ് പുല്‍പ്പള്ളി സിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പുല്‍പ്പള്ളി സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേയാണ് ഐപിസി 506, 323, 324, 326, എന്നീ വകുപ്പ് പ്രകാരം കേസെടുത്തത്.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ആയുധമുപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്നേദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ക്കെതിരേ കേസെടുത്തത്. റോയിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലിസ് നേരത്തെ കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രഥമദൃഷ്ട്യാ സംഭവത്തില്‍ പോലിസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായാണ് റിപോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഈ റിപോര്‍ട്ട് അടുത്ത ദിവസം തന്നെ ജില്ലാ പോലിസ് മേധാവിക്ക് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക