|    May 28 Sun, 2017 12:17 pm
FLASH NEWS

ലോകായുക്ത മെഡി. കോളജില്‍ തെളിവെടുപ്പു നടത്തി

Published : 29th July 2016 | Posted By: SMR

ഗാന്ധിനഗര്‍: എസ്എംഇയിലെ വിദ്യാര്‍ഥി സംഘട്ടനത്തെ തുടര്‍ന്നു ചികില്‍സയില്‍ കഴിഞ്ഞ കെഎസ്‌യു നേതാവിനെ നിര്‍ബന്ധപൂര്‍വം മെഡിക്കല്‍ കോളജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ലോകായുക്ത ജഡ്ജി ടി കെ ബാലചന്ദ്രന്‍ കോളജിലെത്തി ചികില്‍സ രേഖകള്‍ പരിശോധിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലെത്തി ഇദ്ദേഹം രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച എംജി സര്‍വകലാശാലയുടെ കീഴിലുള്ള എസ്എംഇയില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘട്ടനം നടന്നിരുന്നു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് എംജി സര്‍വകലാശാല കോളജ് യൂനിയന്‍ ചെയര്‍മാന്‍ അനന്തു ഉണ്ണി, എസ്എംഇ വിദ്യാര്‍ഥികളായ അരുണ്‍, വൈശാഖ്, വൈശാഖ് ആര്‍പ്പൂക്കര, കെഎസ്‌യു ജില്ലാ സെക്രട്ടറി മരങ്ങാട്ടുപിള്ളി സ്വദേശി ജോര്‍ജ് (26) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഘട്ടനത്തില്‍ ജോര്‍ജിന്റെ ഇടതു ചെവിയുടെ പിന്‍ഭാഗത്ത് പരിക്കേല്‍ക്കുകയും അരുണിന്റെ ഇടത് കൈ ഞരമ്പില്‍ മുറിവുണ്ടാവുകയും ചെയ്തിരുന്നു.
അന്നുരാത്രി തന്നെ പോലിസ് ഡോക്ടര്‍മാരെ സ്വാധീനിച്ച് ജോര്‍ജിനെ ജാമ്യമില്ലാ വകുപ്പിട്ട് രാത്രിതന്നെ  റിമാന്റു ചെയ്യുകയും ചെയ്തു. ഇരുകൂട്ടര്‍ക്കെതിരേ ഗാന്ധിനഗര്‍ പോലിസ് കേസെടുത്തെങ്കിലും സാരമായി പരിക്കേറ്റ ജോര്‍ജിനെ അന്നുരാത്രി തന്നെ നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിടുകയുമായിരുന്നു.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കോടതി ജാമ്യത്തില്‍ വിട്ടു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത ജഡ്ജി ടി കെ ബാലചന്ദ്രന്‍ മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തിയത്.
ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാര്‍, ആര്‍എംഒ ആര്‍ പി രഞ്ജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചത്. സംഘട്ടനത്തില്‍ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വിദ്യാര്‍ഥി നേതാക്കളുടെ ചികില്‍സാ രേഖകള്‍ ജഡ്ജി പരിശോധിച്ച ശേഷമാണ് മടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day