|    Apr 21 Sat, 2018 1:50 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ലോകരാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍

Published : 13th June 2016 | Posted By: SMR

ശ്യാംലാല്‍

കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവേളയില്‍ ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും വിദേശയാത്രകള്‍ തന്നെയാണ് ആഘോഷമായത്. സ്വച്ഛ് ഭാരത് മുതല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വരെയുള്ള മുദ്രാവാക്യങ്ങള്‍, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിളക്കം കൂട്ടിനുണ്ടായിട്ടും സ്വന്തം നാട്ടില്‍ ജനങ്ങളുടെ ആഘോഷമാക്കിമാറ്റാന്‍ മോദി സര്‍ക്കാരിനായില്ല. പതിവുപോലെ കുത്തക മാധ്യമങ്ങളുടെ കൃപയാല്‍ വിദേശത്ത് ഇന്ത്യയുടെ ഇമേജ് തിളങ്ങിക്കൊണ്ടിരിക്കുന്നതായും പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ ഇന്ത്യയുടെ ഭാവി ഭാസുരമാക്കിക്കൊണ്ടിരിക്കുന്നതായും ജനങ്ങള്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്നു.
രണ്ടുവര്‍ഷത്തിനിടയില്‍ 38 വിദേശയാത്രകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത്. യുഎസില്‍ മാത്രം നാലുതവണ. ഇതിനോട് കിടപിടിക്കാവുന്ന ഒരേയൊരു താരതമ്യം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായാണെന്ന് കണക്കുകള്‍ വച്ച് ചില ദേശാഭിമാനികള്‍ സ്ഥാപിച്ചിരിക്കുന്നു. കാര്യത്തിന്റെ കിടപ്പ് ഇങ്ങനെയെങ്കില്‍, നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകപോലിസായ അമേരിക്കയുടെ ഒപ്പത്തിനൊപ്പമല്ലേ എന്നാണു ചോദ്യം. ഉടനെ ഒബാമ പ്രസിഡന്റ്പദമൊഴിയുന്നതോടെ, മുസ്‌ലിംകളെ വിഴുങ്ങിക്കളയുമെന്ന് പ്രസംഗിച്ചുനടക്കുന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാവാന്‍ നേര്‍പാതി സാധ്യതയെങ്കിലുമുണ്ട്. തലയ്ക്കു പിടിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വീക്ഷിച്ചാല്‍, നരേന്ദ്രമോദിക്ക് ഒബാമയേക്കാള്‍ ഇഷ്ടപ്പെട്ട സുഹൃത്തായിരിക്കും ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ യുഎസ് കോണ്‍ഗ്രസ് സ്പീക്കര്‍ പോള്‍ റയാന്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച മോദിയുടെ അമേരിക്കന്‍ പൊതുസഭയിലെ പ്രസംഗം ഡെമോക്രാറ്റുകളെയും ഒരുപോലെ കൈയിലെടുത്തുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപോര്‍ട്ട്. അവിടത്തെ 18 പാര്‍ലമെന്റ് മെംബര്‍മാര്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിനിടയില്‍ സ്പീക്കര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയുണ്ടായി. മോദിയും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ ചര്‍ച്ചയായെന്ന് യുഎസ് വക്താക്കളും ചര്‍ച്ചയായില്ലെന്ന് ഇന്ത്യന്‍ വക്താക്കളും വ്യക്തമാക്കിയത്രെ.
യുഎസ് പ്രസിഡന്റിന്റെയത്ര പൊക്കം മുന്‍കഴിഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ലെങ്കിലും, സാമ്പത്തിക-സൈനിക നയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശീതസമരകാലത്തിനുശേഷം വിഘ്‌നം കൂടാതെ യുഎസിന്റെ ഒപ്പംതന്നെയായിരുന്നു. ആണവകരാറില്‍ ഒപ്പുചാര്‍ത്തിക്കൊടുത്തും സൈനികസന്നാഹങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ടും സോണിയഗാന്ധിയുടെയും മന്‍മോഹന്‍സിങിന്റെയും നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെട്ട ലോകപോലിസ് സേവ മോദി സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നു മാത്രം. ഇന്ത്യയുടെ സൈനിക സുരക്ഷയും സാമ്പത്തിക സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ചുവടുവയ്പുകളാണ് പ്രധാനമന്ത്രിയുടെ ഓരോ വിദേശരാജ്യ സന്ദര്‍ശനവുമെന്ന് ഔദ്യോഗിക വക്താക്കള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. യുഎസ്-ഇസ്രായേല്‍ അച്ചുതണ്ട് ഒരുവശത്തും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മറുവശത്തുമായി ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ശാക്തിക സന്തുലനത്തിലും സംഘര്‍ഷത്തിലും സ്വന്തം കാലില്‍ നിലയുറപ്പിച്ച് ശക്തിതെളിയിക്കാനും ഏതെങ്കിലും സാമ്രാജ്യത്വചേരിയുടെ പിണിയാളാവാതിരിക്കാനും ഇന്ത്യക്കു കഴിയും. തീവ്രദേശീയവികാരത്തെ ആഭ്യന്തര രാഷ്ട്രീയനയമായി ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാര്‍ പക്ഷേ, ലോകരാഷ്ട്രീയത്തില്‍ ഒരു ബദല്‍ശക്തിയാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല.
യൂറോ-അമേരിക്കന്‍ വിദൂര രാഷ്ട്രങ്ങളുമായല്ല, ഏഷ്യന്‍ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ താദാത്മ്യം ഭൂമിശാസ്ത്രപരമാണ്; എന്നാല്‍ ഭൂമിശാസ്ത്രപരം മാത്രമല്ല. ഒരു രാജ്യത്തിന്റെ വിദേശനയത്തിന്റെ സ്ഥായിയായ വിജയം വിലയിരുത്തപ്പെടേണ്ടത് അയല്‍ക്കാരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. വടക്ക് ചൈന മുതല്‍ തെക്കേ മുനമ്പിലെ ശ്രീലങ്ക വരെയുള്ള നാടുകളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാരിന്റെ പിന്നിട്ട രണ്ടുവര്‍ഷം പരാജയമായിരുന്നു. ഇന്ത്യയെക്കുറിച്ച് അയല്‍രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് ഭയവും അവിശ്വാസവുമാണോ, അതല്ല സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട അയല്‍ക്കാരനെന്ന ബോധമാണോ എന്നതും പരിശോധിക്കപ്പെടണം.
മോദി സര്‍ക്കാരിന്റെ വിദേശ നയതന്ത്രം അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം സ്‌കാന്‍ഡിനേവിയന്‍ നാടുകളിലും മുഖദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, അവിടെയും ഇവിടെയും ജനങ്ങള്‍ ജീവിക്കുന്നത് എന്തു വ്യത്യാസത്തിലാണെന്നു കാണിക്കുന്ന വസ്തുതാ റിപോര്‍ട്ടുകള്‍ പ്രസക്തമാണ്. വികസനത്തിന്റെയും സുസ്ഥിരതയുടെയും ആഗോള സൂചകങ്ങള്‍ പ്രകാരം ആ വിദൂര രാജ്യങ്ങള്‍ ഏറെ മുന്നിലും ഇന്ത്യ ഏറെ പിന്നിലുമാണ്.
യുഎന്‍സിപി വര്‍ഷംതോറും പുറത്തിറക്കുന്ന ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപോര്‍ട്ട് ആണ് വികസന താരതമ്യ പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയിട്ടുള്ളത്. ദീര്‍ഘായുസ്സ്, ആരോഗ്യം, അറിവ്, ജീവിതനിലവാരം, രാഷ്ട്രീയ-സാമൂഹിക പങ്കാളിത്തം, പരിസ്ഥിതി, സുരക്ഷയും അവകാശങ്ങളും, സമത്വവും സാമൂഹികനീതിയും എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങളുടെ റാങ്ക് നിര്‍ണയം 1990 മുതല്‍ നടത്തിവരുന്നു. 2015ലെ ഇന്‍ഡക്‌സ് പ്രകാരം ഒന്നാംസ്ഥാനത്ത് നോര്‍വേയാണ്. ഇന്ത്യയുടെ സ്ഥാനം 135. ശ്രീലങ്ക ഇന്ത്യയേക്കാള്‍ മുമ്പില്‍ 73ാം സ്ഥാനത്ത്. ബംഗ്ലാദേശ് 142, നേപ്പാള്‍ 145, പാകിസ്താന്‍ 147. എല്ലാ അയല്‍രാജ്യക്കാരും ഏതാണ്ട് നമുക്കൊപ്പമുണ്ട്.
2009 മുതല്‍ മുടങ്ങാതെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു താരതമ്യ പഠനറിപോര്‍ട്ടാണ് ലിഗാറ്റം പ്രോസ്‌പെരിറ്റി ഇന്‍ഡക്‌സ്. 142 രാഷ്ട്രങ്ങള്‍ക്കിടയില്‍ നോര്‍വേ തന്നെ സമൃദ്ധിയിലും ഒന്നാംസ്ഥാനത്ത്. 2009ലെ ആദ്യവര്‍ഷ റിപോര്‍ട്ടിലെ 78ാം സ്ഥാനത്തുനിന്ന് 2015 എത്തിയപ്പോള്‍ ഇന്ത്യ 99ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ശ്രീലങ്കയും നേപ്പാളും യഥാക്രമം 62, 89 എന്നീ സ്ഥാനങ്ങള്‍ നേടി ഇന്ത്യയേക്കാള്‍ മുന്നിലാണ്. നമുക്ക് അസൂയപ്പെടാനും ആശ്വസിക്കാനുമുള്ളത് പാകിസ്താന്റെയും (127), ബംഗ്ലാദേശിന്റെയും സ്ഥാനമോര്‍ത്തു മാത്രമാണ്.
രാഷ്ട്രം ജനങ്ങള്‍ക്കുവേണ്ടി എന്നാണല്ലോ ജനാധിപത്യഭാഷ്യം. യുഎന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എസ്ഡിഎസ്എന്‍ തയ്യാറാക്കുന്ന വേള്‍ഡ് ഹാപ്പിനസ് റിപോര്‍ട്ട് ഓരോ രാജ്യത്തെയും ജനങ്ങള്‍ എത്രമാത്രം സംതൃപ്തിയോടെയാണ് ജീവിക്കുന്നതെന്ന അന്വേഷണമാണ്. 156 രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ തോത് അളക്കുന്ന ഏര്‍പ്പാട്. ഡെന്‍മാര്‍ക്കുകാരാണ് ഏറ്റവും മുന്തിയ അളവില്‍ സന്തുഷ്ടര്‍ (7.526). സന്തുഷ്ട ജനങ്ങള്‍ക്കിടയില്‍ ഇന്ത്യക്കാരുടെ റാങ്ക് 118 ആണത്രെ. പാകിസ്താന്‍കാരും (റാങ്ക് 92), ബംഗ്ലാദേശുകാരും (റാങ്ക് 110) മാത്രമല്ല, സോമാലിയക്കാര്‍ പോലും (റാങ്ക് 76) നമ്മെക്കാള്‍ സന്തുഷ്ടരായാണ് ജീവിക്കുന്നതെന്ന് പ്രസ്തുത റിപോര്‍ട്ട് അവകാശപ്പെടുന്നു. വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ സോമാലിയയുടെ പിറകില്‍ കെട്ടിയ പ്രധാനമന്ത്രി ഈ പ്രോ-സോമാലിയന്‍ റിപോര്‍ട്ടിനെതിരേ പരാതിയെന്തെങ്കിലും ബോധിപ്പിച്ചതായി അറിവില്ല.
മറ്റു ചില റിപോര്‍ട്ടുകളിലെ റാങ്ക് നിര്‍ണയങ്ങളിലും ഇന്ത്യ സ്ഥാനമുറപ്പിച്ചിട്ടുള്ളത് വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണോ അതല്ല അവികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണോയെന്ന് കാണിച്ചുതരുന്നുണ്ട്. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് 2016- 130ാം സ്ഥാനം. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് 2015- 143ാം സ്ഥാനം. ആഗോള പരിസ്ഥിതി പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2015- 155ാം സ്ഥാനം. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സ് 124ാം സ്ഥാനം. കറപ്ഷന്‍ ഇന്‍ഡക്‌സ് 76ാം സ്ഥാനം.
കൂടുതല്‍ വിശക്കുന്നവരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്, 2015) 55ാം സ്ഥാനത്താണ് ഇന്ത്യ. പത്രസ്വാതന്ത്ര്യത്തില്‍ 133ാം സ്ഥാനം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മോദിയുടെ ആഹ്വാനം സ്വീകരിച്ച് ഇന്ത്യയില്‍ നിര്‍മിക്കാന്‍ വരുന്നവരുടെ അവസ്ഥയുടെ ലോകനിലവാരവും പഠനവിധേയമായിട്ടുണ്ട്. വേള്‍ഡ് ബെസ്റ്റ് കണ്‍ട്രി ഫോര്‍ ഡൂയിങ് ബിസിനസ്, 2015 എന്ന റിപോര്‍ട്ട് പ്രകാരം ഏറ്റവും ബിസിനസ് സൗഹൃദരാജ്യം സിംഗപ്പൂരാണ്. ഇന്ത്യയുടെ റാങ്ക് 130. വിദേശരാജ്യങ്ങളില്‍ പാറിപ്പറന്നു നടക്കുന്നതുകൊണ്ടോ സ്വകാര്യ വ്യാപാര കരാറുകളുടെ ഇടനിലക്കാരനായി വര്‍ത്തിക്കുന്നതുകൊണ്ടോ ഓരോ വിദേശരാജ്യത്തെയും ഇന്ത്യന്‍ വംശജരെ വിളിച്ചുകൂട്ടി ഹിന്ദുത്വ വിജൃംഭിതരാക്കുന്നതുകൊണ്ടോ നമ്മുടെ രാജ്യം ലോകരാഷ്ട്രങ്ങളുടെ നെറുകയിലേക്ക് ഉയരുകയില്ല.രാജ്യനിവാസികളുടെ ജീവിതനിലവാരവും രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യവും ഉയരുന്നതിനനുസരിച്ചാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം പുനര്‍നിര്‍ണയിക്കപ്പെടുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss