|    Sep 22 Sat, 2018 8:23 pm
FLASH NEWS

ലോകബാങ്ക് ധനസഹായം നഗരസഭകള്‍ക്ക് തിരിച്ചടിയാവുന്നു

Published : 20th June 2017 | Posted By: fsq

 

തലശ്ശേരി: ലോകബാങ്ക് ധനസഹായം സ്വീകരിച്ചുതുടങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്്് സ്വയംഭരണമെന്ന ഭരണഘടനാ അധികാരം നഷ്ടമാവുന്നു. നഗരസഭകളിലെ മാലിന്യ സംസ്‌കരണത്തിനും മറ്റുമായി ലോകബാങ്ക് സഹായം നല്‍കിത്തുടങ്ങിയതോടെ ശുചീകരണ തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് പിരിഞ്ഞുപോവേണ്ടി വരികയാണ്. അതേസമയം, പുതിയ നിയമനം നടക്കാത്തത് ശുചീകരണപ്രവര്‍ത്തനം തകിടം മറിയാനും കാരണമായി. തലശ്ശേരി നഗരസഭയില്‍ നിലവില്‍ 136ഓളം ശുചീകരണത്തൊഴിലാളികളുണ്ട്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളുമാണ്. ശുചീകരണപ്രവൃത്തി ചെയ്തിരുന്നവര്‍ വിരമിക്കുന്നതോടെ പ്രസ്തുത തസ്തികയിലേക്ക് പുനര്‍നിയമനം നടക്കാതെ പോവുകയാണ്. ധനസഹായം നല്‍കുന്ന ഏജന്‍സികള്‍ നിയമനം നിര്‍ത്തലാക്കിയതോടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് പുതിയ ജീവനക്കാരെ നിയമിച്ചുവരുന്നത്. എല്ലാ ശുചീകരണപ്രവൃത്തികളും ചെയ്യണമെന്ന് വാക്കാല്‍ അറിയിക്കുകയും അങ്ങനെ ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നു. ഇതോടെ രാഷ്ട്രീയ താല്‍പര്യത്തിന് വിധേയമായി ശുചീകരണതൊഴിലാളികളെ നിയമിക്കുന്നു. നഗസഭയില്‍ 52 വാര്‍ഡുകളാണുള്ളത്. ഒരുവാര്‍ഡില്‍ മൂന്നു പേരെ വീതം ശുചീകരണപ്രവൃത്തികള്‍ക്ക് നിയമിക്കുകയാണെങ്കില്‍ വാര്‍ഡുകളുടെ മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ തലശ്ശേരി നഗരസഭയില്‍ ഇതുപോലുള്ള ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുകയും അതു പരിശോധിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍്മാരെ നിയമിക്കുകയും ചെയ്തിരുന്നു. നിലവില്‍ 36 ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാരുമുണ്ട്്. എന്നിട്ടും നഗരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിന് പരിഹാരമുണ്ടാവുന്നില്ല. നഗരസഭയില്‍ ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട്.വിവിധ ഏജന്‍സികളുടെ കൂടി സഹായമുണ്ടെങ്കിലും സംസ്ഥാന ശുചിത്വ മിഷനാണ് നഗരസഭകളുടെ ശൂചീകരണ പ്രവര്‍ത്തനത്തിന്റെ നേതൃത്വം. ഇതോടെ പ്രാദേശിക ഭരണകൂടങ്ങളുടെ സ്വയംഭരണാവകാശം യഥാര്‍ഥത്തില്‍ രേഖയില്‍ മാത്രമായി ചുരുങ്ങി. കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ അവസാനിപ്പിച്ചതോടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയെന്നത്  പ്രാദേശിക ഭരണകൂടങ്ങള്‍ക്കും അസാധ്യമായി. നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ പലതും ദീര്‍ഘകാല പദ്ധതികളാണെന്നിരിക്കെ ഒരു പദ്ധതിയും കൃത്യമായി മോണിറ്റര്‍ ചെയ്ത് പൂര്‍ത്തിയാക്കുകയെന്നത് പ്രായോഗികമല്ലാതായി തീര്‍ന്നു. ഇതിന്റെ ഫലമായി നഗരസഭകളിലെ ശുചീകരണപ്രവൃത്തികള്‍ മന്ദീഭവിക്കുകയും ഫലത്തില്‍ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. തലശ്ശേരി നഗരസഭയില്‍ ശുചീകരണ തസ്തികകളില്‍ 200 പേരെയെങ്കിലും നിയമിക്കുകയും, ഒരു വാര്‍ഡില്‍ നാലുപേര്‍ എന്ന നിലയില്‍ പുനര്‍വിന്യസിക്കുകയും ചെയ്താലേ മാലിന്യപ്രശ്‌നങ്ങള്‍ വേണ്ടവിധം പരിഹരിക്കാന്‍ കഴിയൂ എന്നാണ് നഗരസഭ സെക്രട്ടറിയും അറിയിച്ചത്. മൂന്നുസെന്റ് സ്ഥലം മാത്രം കൈവശമുള്ള ഒരു കുടുംബത്തിന്റെ കക്കൂസ് മാലിന്യം എവിടെ നിക്ഷേപിക്കുമെന്നതും പ്രശ്‌നമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss