|    Apr 24 Mon, 2017 12:57 pm
FLASH NEWS

ലോകത്തെ വേട്ടയാടിയ പച്ചക്കണ്ണുകാരി പാകിസ്താനില്‍ അറസ്റ്റില്‍

Published : 27th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: നാഷനല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍ ചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പച്ചക്കണ്ണുകാരി പാകിസ്താനില്‍ അറസ്റ്റില്‍. അനധികൃത രേഖകളുണ്ടാക്കി പാകിസ്താനില്‍ താമസിച്ചുവരുകയായിരുന്ന ഷര്‍ബാത് ബിബിയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ബുധനാഴ്ച പെഷവാറിലെ വസതിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
അഫ്ഗാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് പാകിസ്താനിലേക്ക് കുടിയേറിയതായിരുന്നു ബിബി. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ അഭയാര്‍ഥി ക്യാംപില്‍ സ്റ്റീവ് മക്കുറി എന്ന ഫോട്ടോഗ്രാഫറാണ് ബിബിയുടെ തീക്ഷ്ണമായ നോട്ടം പകര്‍ത്തിയത്. 1984ല്‍ ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസ്സായിരുന്നു ബിബിക്ക്. മാഗസിനുകളുടെ ചരിത്രത്തില്‍തന്നെ ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.
അനധികൃത രേഖകള്‍ ഉപയോഗിച്ച് ബിബി പാകിസ്താനില്‍ താമസിച്ചുവരുകയായിരുന്നെന്നും അവരുടെ പക്കല്‍നിന്നും പാക്ക്, അഫ്ഗാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതായും എഫ്‌ഐഎ വ്യക്തമാക്കി. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ച ഉദ്യോഗസഥര്‍ക്കായി തിരച്ചില്‍ നടക്കുന്നതായും എഫ്‌ഐഎ അറിയിച്ചു. കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവ് ലഭിച്ചേക്കാമെന്നാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 3,000 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെ പിഴയും ഒടുക്കേണ്ടി വരും.
2014ലാണ് പാക് തിരിച്ചറിയല്‍ കാര്‍ഡിന് ബിബി അപേക്ഷ നല്‍കിയത്. ഇവര്‍ക്കിപ്പോള്‍ മൂന്നു കുട്ടികളുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ച് ലക്ഷക്കണക്കിനാളുകളാണ് പാകിസ്താനില്‍ താമസിക്കുന്നത്. 2473 പേര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വച്ച് കീഴടങ്ങിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day