|    Dec 14 Fri, 2018 3:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ മേരി കോം

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യയുടെ മേരികോം ഇനി ലോകത്തിന്റെ നെറുകയില്‍. ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒകാതയെ ഇടിച്ചിട്ട് സ്വര്‍ണം സ്വന്തമാക്കിയ ഈ മണിപ്പൂരുകാരി ലോക ചാംപ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം നേടുന്ന ആദ്യ വനിതാ ബോക്‌സറായി. അതോടൊപ്പം ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ബോക്‌സറെന്ന പദവി പുരുഷ ബോക്‌സിങിലെ ഇതിഹാസ താരമായ ക്യൂബയുടെ ഫെലിക്‌സ് സാവനൊപ്പം പങ്കിടുകയും ചെയ്തു. മൂന്ന് ഒളിംപിക് മെഡല്‍ ജേതാവായ സാവന്‍ 1986നും 1989നുമിടയില്‍ ആറു സ്വര്‍ണമെഡലും ഒരു വെള്ളിയുമായി ലോക ഹെവിവെയിറ്റ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലെ മുടിചൂടാ മന്നനായി വിലസുമ്പോഴാണ് ഒരു പെണ്‍പുലി ആ സ്ഥാനം പങ്കിടാന്‍ എത്തിയിരിക്കുന്നത്.
സ്വന്തം രാജ്യത്തെ കാണികളുടെ മുമ്പില്‍ മേരിയുടെ രണ്ടാമത്തെ സ്വര്‍ണനേട്ടമാണിത്. 2010ല്‍ ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാവായതില്‍ പിന്നെ എട്ടുവര്‍ഷത്തിനു ശേഷമാണ് മേരികോം വീണ്ടും ലോക ചാംപ്യനാവുന്നത്. ഇതിനു മുമ്പ് അഞ്ചു സ്വര്‍ണമെഡലും ഒരു വെങ്കലവുമായി ഐറിഷ് ബോക്‌സിങ് ഇതിഹാസം കാതി ടെയിലറുടെ ഒപ്പമായിരുന്നു മേരികോം. എന്നാല്‍ ടെയ്‌ലര്‍ പിന്നീട് പ്രഫഷനല്‍ ബോക്‌സിങിലേക്കു ചുവടുമാറി.
ഫൈനലിലെ എതിരാളിയായ ഹന്ന ഒകാതയെ ഈവര്‍ഷം പോളണ്ടില്‍ നടന്ന ഒരു മല്‍സരത്തില്‍ മേരി തോല്‍പിച്ചിരുന്നു. ഇത് മേരിക്ക് മല്‍സരത്തിനു മുമ്പേ മനോബലം നല്‍കി. സെമി ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയായിരുന്നു മേരി കോം പരാജയപ്പെടുത്തിയത്.
ഞാനെന്റെ ജോലി ചെയ്തു. എന്റെ പരിശീലകര്‍ക്കും സഹായികള്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി- മല്‍സര ശേഷം മേരി പറഞ്ഞതിങ്ങനെ. ഛോട്ടാലാല്‍, അലി ഖമര്‍ എന്നിവരാണ് മാഗ്്‌നിഫികന്റ് മേരി എന്നറിയപ്പെടുന്ന മേരിയുടെ പരിശീലകര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss