|    Apr 20 Fri, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പ് യോഗ്യത: സ്‌പെയിന്‍, ഇറ്റലി കസറി

Published : 7th September 2016 | Posted By: SMR

മാഡ്രിഡ്: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ യൂറോപ്യന്‍ യോഗ്യതാറൗണ്ട് മല്‍സരങ്ങളില്‍ വമ്പന്‍മാരായ സ്‌പെയിന്‍, ഇറ്റലി എന്നിവര്‍ തകര്‍പ്പന്‍ ജയത്തോടെ കുതിപ്പ് തുടങ്ങി. ഗ്രൂപ്പ് ജിയില്‍ ലിച്ചെന്‍സ്റ്റെയ്‌നിനെ സ്‌പെയിന്‍ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് മുക്കിയപ്പോള്‍ ഇതേ ഗ്രൂപ്പില്‍ ഇറ്റലി 3-1ന് ഇസ്രായേലിനെ തകര്‍ത്തു.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ വെയ്ല്‍സ് 4-0ന് മാള്‍ഡോവയെയും ഓസ്ട്രിയ 2-1ന് ജോര്‍ജിയയെയും തോല്‍പ്പിച്ചു. സെര്‍ബിയ-അയര്‍ലന്‍ഡ് മല്‍സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു.
ഗ്രൂപ്പ് ഐയിലെ മൂന്നു കളികളും സമനിലയില്‍ പിരിഞ്ഞു. തുര്‍ക്കി-ക്രൊയേഷ്യ, ഐസ്‌ലന്‍ഡ്-ഉക്രെയ്ന്‍, ഫിന്‍ലന്‍ഡ്- കൊസോവോ മല്‍സരങ്ങളാണ് 1-1ന് അവസാനിച്ചത്.
ലിച്ചെന്‍സ്‌റ്റെയ്‌നിന് എട്ടിന്റെ പണി
എതിരാളികള്‍ക്ക് എട്ടിന്റെ പണികൊടുത്താണ് പുതിയ സ്പാനിഷ് കോച്ച് ജുലെന്‍ ലോപെറ്റെഗ്വി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ആഘോഷിച്ചത്.
കഴിഞ്ഞയാഴ്ച ബെല്‍ജിയത്തിനെതി രായ സൗഹൃദ മല്‍സരത്തിലും അദ്ദേഹമാണ് ടീമിന്റെ കോച്ചായിരുന്നതെങ്കിലും യഥാ ര്‍ഥ പരീക്ഷണം ലിച്ചെന്‍സ്റ്റെയ്‌നിനെതി രാ യ യോഗ്യതാ മല്‍സരമായിരുന്നു.
ലിച്ചെന്‍സ്‌റ്റെയ്‌നിനെതിരേ ആദ്യപകുതിയില്‍ ഒരു ഗോളിനു മാത്രം മുന്നിലായിരുന്ന സ്‌പെയിന്‍ രണ്ടാംപകുതിയില്‍ ഗോള്‍മഴ പെയ്യിച്ചു. ഏഴു ഗോളുകളാണ് ഒന്നിനു പിറകെ ഒന്നായി ചെമ്പട എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്.
ഇരട്ടഗോളുകള്‍ നേ ടിയ ഡിയേഗോ കോസ്റ്റ യും അല്‍വാറോ മൊറാറ്റയും ഡേവിഡ് സില്‍വയുമാണ് സ്‌പെയിനിന്റെ വമ്പന്‍ ജയത്തിനു ചുക്കാന്‍പിടിച്ചത്. കോസ്റ്റ 10, 66 മിനിറ്റുകളിലും സില്‍വ 59, 90 മിനിറ്റുകളിലും മൊറാറ്റ 82, 83 മിനിറ്റുകളിലും നിറയൊഴിക്കുകയായിരുന്നു. സെര്‍ജി റോബെര്‍ട്ടോ (55ാം മിനിറ്റ്), വിറ്റോലോ (60) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.
മോശം ഫോമിനെത്തുടര്‍ന്ന് ഈ വര്‍ഷം നടന്ന യൂറോ കപ്പ് ടീമില്‍ നിന്നു തഴയപ്പെട്ട കോസ്റ്റ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ലിച്ചെന്‍സ്റ്റെയ്‌നിനെതിരായ കളിക്കു മുമ്പ് ദേശീയ ടീമിനായി രണ്ടു ഗോള്‍ മാത്രമേ സ്‌ട്രൈക്കര്‍ക്കു നേടാനായിരുന്നുള്ളൂ. ക്ലബ്ബിനായി നടത്തുന്ന മിന്നുന്ന പ്രകടനം ദേശീയ ടീമിനുവേണ്ടി ആവര്‍ത്തിക്കാനാവുന്നില്ലെന്ന ദുഷ്‌പേര് കോസ്റ്റ മായ്ച്ചു കളയുകയായിരുന്നു.
അതേസമയം, ഇസ്രായേലിനെതിരേ അവരുടെ മൈതാനത്ത് ആധികാരിക പ്രകടനം നടത്തിയാണ് ഇറ്റലി വിജയക്കൊടി നാട്ടിയത്. ഗ്രാസിയാനോ പെല്ലെ (14ാം മിനിറ്റ്), അന്റോണിയോ കാന്‍ഡ്രേവ (31), സിറോ ഇമ്മൊബൈല്‍ (83) എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. 55ാം മിനിറ്റില്‍ ഡിഫന്റര്‍ ജോര്‍ജിയോ കിയേലിനി രണ്ടാം മഞ്ഞക്കാ ര്‍ഡും കണ്ടു പുറത്തുപോയതിനെത്തുടര്‍ന്ന് ശേഷിച്ച 35 മിനിറ്റ് ഇറ്റലിക്ക് 10 പേരുമായി പിടിച്ചുനില്‍ക്കേണ്ടിവന്നു.
യൂറോ കപ്പിനുശേഷം സ്ഥാനമൊഴി ഞ്ഞ കോച്ച് അന്റോണിയോ കോന്റെയ്ക്കു പകരമെത്തിയ ജിയാംപിയെറോ വെന്റ്യുറയ്ക്കു കീഴില്‍ ഇറ്റലിയുടെ ആദ്യ ജയം കൂടിയാണിത്.
ഗരെത് ബേലിലേറി വെയ്ല്‍സ്
റയല്‍ മാഡ്രിഡ് സ്റ്റാര്‍ ഗരെത് ബേലിന്റെ മിന്നും പ്രകടനമാണ് ഗ്രൂപ്പ് ഡിയില്‍ വെയ്ല്‍സിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ വെയ്ല്‍സ് 4-0 ന് മാള്‍ഡോവയെ തകര്‍ത്തപ്പോള്‍ ഇരട്ടഗോളോടെ ബേല്‍ ടീമിന്റെ ഹീറോയായി. 50, 90 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. നേരത്തേ സാം വോക്‌സ് (38ാം മിനിറ്റ്), ജോ അലെന്‍ (44) എന്നിവരുടെ ഗോളുകളില്‍ ആദ്യപകുതിയില്‍ തന്നെ വെയ്ല്‍സ് 2-0ന്റെ മികച്ച ലീഡ് കരസ്ഥമാക്കിയിരുന്നു.
സെര്‍ബിയക്കെതിരേ 1-2ന്റെ തോല്‍വിക്കരികില്‍ നിന്നാണ് അയര്‍ലന്‍ഡ് സമനില പിടിച്ചെടുത്തത്. മൂന്നാം മിനിറ്റില്‍ ജെഫ് ഹെന്‍ഡ്രിക്കിലൂടെ ഐറിഷ് ടീം ആദ്യം മുന്നിലെത്തിയിരുന്നെങ്കിലും ഫിലിപ് കോസ്റ്റിച്ച് (62ാം മിനിറ്റ്), ഡുസാന്‍ ടാഡിച്ച് (69) എന്നിവരുടെ ഗോളുകള്‍ സെര്‍ബിയക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിനില്‍ക്കെ ഡാരില്‍ മര്‍ഫിയിലൂടെ അയര്‍ലന്‍ഡ് സമനില സ്വന്തമാക്കി.
ഐയില്‍ സമനിലക്കളി
ഗ്രൂപ്പ് ഐയിലെ മൂന്നു മല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞത് കാണികളെ നിരാശരാക്കി. ഉക്രെയ്‌നിനെതിരേ ആറാം മിനിറ്റില്‍ ആല്‍ഫ്രഡ് ഫിന്‍ബൊഗാസന്‍ ഐസ്‌ലന്‍ഡിന്റെ അക്കൗണ്ട് തുറന്നിരുന്നു. ആന്‍ഡ്രി യര്‍മോലെങ്കോ ഉക്രെയ്‌നിന്റെ സമനില ഗോളിന് അവകാശിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss